നഗരസഭയിൽ ബജറ്റ് വിശദീകരണം നടത്തി ; അശോകപുരത്തെ ഭൂമിയിൽ രണ്ട് ശ്‌മശാനങ്ങൾ നിർമ്മിക്കും
text_fieldsആലുവ: ആലുവ നഗരസഭയില്‍ ബജറ്റിന്‍മേല്‍ വിശദീകരണം നടത്തി. കൗൺസിൽ ചേരാൻ കഴിയാതിരുന്നതിനാലാണ് ബജറ്റ് വിശദീകരണം വൈകിയത്. ബജറ്റ് അവതരിപ്പിക്കേണ്ട സമയത്ത് കോവിഡിനെ തുടര്‍ന്ന് നഗരസഭ കമ്മിറ്റി നേരിട്ട് ചേരാന്‍ അനുമതിയുണ്ടായില്ല. ഇതേ തുടർന്ന് മാര്‍ച്ച് രണ്ടാം തീയതി ബജറ്റ് ഓണ്‍ലൈനായി അവതരിപ്പിച്ചിരുന്നു. എന്നാൽ, ബജറ്റിൻറെ വിശദീകരണം കാര്യമായി നടത്തിയിരുന്നില്ല. അതിനാലാണ് അത് ലഭിച്ചയുടന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മിറ്റിയിൽ വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തര്‍ ബജറ്റില്‍ വിശദീകരണം നല്‍കിയത്. ചൂര്‍ണിക്കര പഞ്ചായത്തിലെ അശോകപുരത്ത് നഗരസഭയുടെ അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നുണ്ട്. ഇവിടെ നിലവിലുള്ള ശ്‌മശാനം വിപുലീകരിച്ച് മറവ് ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും പറ്റുന്ന തരത്തില്‍ രണ്ട് ശ്‌മശാനങ്ങള്‍ നിര്‍മ്മിക്കും.
നഗരത്തിന് പുറത്തുള്ള നഗരസഭയുടെ ഭൂമികളിൽ കൂടുതൽ വരുമാനം ലഭിക്കുന്ന പദ്ധതികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൻറെ ഭാഗമായി കീഴ്മാട് പഞ്ചായത്തിലെ നാലാം മൈലിലുള്ള നഗരസഭ ഭൂമിയില്‍ ഒരു കമ്മ്യൂണിറ്റി ഹാളോ ലോജിസ്‌റ്റിക് പാര്‍ക്കോ നിര്‍മ്മിക്കും. എടത്തല പഞ്ചായത്തിലെ ചൂണ്ടിയിലുള്ള നഗരസഭയുടെ ഒരേക്കര്‍ സ്‌ഥലത്ത് നടപ്പാക്കാനിരുന്ന പി.എം.എ.വൈ.ലൈഫ് പദ്ധതി ഉപേക്ഷിച്ചു. ചൂണ്ടിയിലെ സ്‌ഥലത്ത് കൂടുതല്‍ വരുമാനം ലഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കും.
ലൈഫ് പദ്ധതിക്കായി വില കുറഞ്ഞ ഒരേക്കര്‍ സ്‌ഥലം വാങ്ങും. വർഷങ്ങളായി ബജറ്റുകളിൽ നിറഞ്ഞുനിൽക്കുന്ന ജനറല്‍ മാര്‍ക്കറ്റ് നിര്‍മ്മാണം അതേപോലെ നിലനിർത്തിയിട്ടുണ്ട്. തോട്ടക്കാട്ടുകരയിലെ ആധുനിക മിനി മാര്‍ക്കറ്റ് നിര്‍മ്മാണത്തിനായി കിഫ്ബി അനുവദിച്ച ഫണ്ട് ലഭിക്കാന്‍ രേഖകള്‍ സമാഹരിച്ചു നല്‍കി. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാൻഡിന് എതിര്‍ വശത്തെ സ്‌ഥലത്ത് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം നിര്‍മ്മിക്കും. പഴയ ബസ് സ്‌റ്റാൻഡിൻറെ എതിര്‍വശത്തുള്ള പരേതനായ വര്‍ക്കി പിള്ളയുടെ സ്‌ഥലം ഏറ്റെടുത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കും. കച്ചവടക്കാരെ പുനരധിവസിപ്പിക്കും. കുറ്റിപ്പുഴ കൃഷ്‌ണപിള്ള നഗരസഭ ലൈബ്രറി നവീകരിക്കും. മുനിസിപ്പല്‍ സെക്രട്ടറി, എഞ്ചിനീയര്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ പുനരുദ്ധരിക്കും. കടത്തുകടവ് സാംസ്‌ക്കാരിക കേന്ദ്രം സൗന്ദര്യവത്കരിക്കും. ഡി.ടി.പി.സിയുടെ സഹായത്തോടെ നഗരസഭ പാര്‍ക്കില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. സ്‌കേറ്റിങ് റിങും ഓപ്പണ്‍ ജിമ്മും സജ്ജീകരിക്കും. ഇ.എം.എസ് സാംസ്‌കാരിക കേന്ദ്രം കലാസാംസ്‌കാരിക പരിപാടികള്‍ക്കുള്ള വേദിയാക്കും. ലോഹിതദാസിൻറെ പേരില്‍ മണപ്പുറത്ത് നിര്‍മ്മിച്ച സ്മൃതി മണ്ഡപം പുനര്‍നാമകരണം ചെയ്ത് വയലാര്‍ രാമവര്‍മ സ്മൃതി മണ്ഡപം എന്നാക്കും. ശതാബ്ദി വര്‍ഷത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷന് മുന്നിലുളള പഴയ മുനിസിപ്പല്‍ ബസ് സ്‌റ്റാൻഡ് കെട്ടിടം പൊളിച്ച് സ്മാരക മന്ദിരം നിര്‍മ്മിക്കും. നഗരസഭ ഓഫിസില്‍ പുതുതായി ഒരു നില കൂടി ലിഫ്‌റ്റ് സൗകര്യത്തോടെ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.