ആശ്രയ പദ്ധതിയിൽ ക്രമക്കേട് കണ്ടത്തിയതായി സ്ഥിരം സമിതി അധ്യക്ഷ
text_fieldsആലുവ: ആലുവ നഗരസഭ കുടുംബശ്രീയുടെ കീഴിലുള്ള അഗതി രഹിത കേരളം പദ്ധതി (ആശ്രയ)യിൽ സാമ്പത്തിക ക്രമക്കേട് കണ്ടത്തിയെന്ന് സ്ഥിരം സമിതി അധ്യക്ഷ. 2010 -20 സാമ്പത്തിക വർഷം 38,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു പറഞ്ഞു.
ഈ സാഹചര്യത്തിൽ നിലവിലുള്ള കുടുംബശ്രീ ഭാരവാഹികൾ ചുമതലയേറ്റ കാലയളവ് മുതലുള്ള കണക്കുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മിനി ബൈജു നഗരസഭ ചെയർമാന് പരാതി നൽകി. ക്രമക്കേട് നടത്തിയതിനെ തുടർന്ന് കുടുംബശ്രീക്ക് നഷ്ടമായ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഓഡിറ്റർ രേഖാമൂലം സി.ഡി.എസ് ചെയർപേഴ്സനും വൈസ് ചെയർപേഴ്സനും നോട്ടീസ് നൽകിയിരുന്നു.
എന്നാൽ പിന്നീട് നടന്ന രണ്ട് യോഗങ്ങളിൽ നിന്നും ഇരുവരും ബോധപൂർവ്വം വിട്ടുനിന്നതായും മിനി ബൈജു ചെയർമാന് നൽകിയ പരാതിയിൽ പറയുന്നു. ക്ഷേമകാര്യ സ്ഥിരം സമിതിക്ക് ലഭിച്ച പരാതിലാണ് 2019 -20 ലെ കണക്കുകൾ പരിശോധിച്ചത്. ആശ്രയ പദ്ധതിയിൽപ്പെട്ടവർക്ക് നൽകേണ്ട 38,000 രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകൾ എലി തിന്നുപോയെന്ന മറുപടിയാണ് സി.ഡി.എസ് ഭാരവാഹികൾ പറയുന്നത്.
മരണപ്പെട്ടവരുടെ പേരിലുള്ള കിറ്റുകൾ സി.ഡി.എസ് ഭാരവാഹികൾ കൈപ്പറ്റുന്നതായും അർഹതപ്പെട്ടവർക്ക് നിഷേധിച്ചതായും പരാതിയിലുണ്ട്. ഈ മാസം മൂന്നിന് കൂടിയ ക്ഷേമകാര്യ സ്ഥിരം സമിതി യോഗത്തിൽ, അഗതി രഹിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഒരു അജണ്ടയായി ഈ വിഷയം ചർച്ച ചെയ്യുകയുണ്ടായി. ഈ കമ്മിറ്റിയിൽ ചെയർമാൻ, പി.എച്ച് സെക്രട്ടറി, അക്കൗണ്ടന്‍റ് എന്നിവരെ വിളിച്ച് ഈ പരാതി ചർച്ച ചെയ്തു. 2019 -2020 ഓഡിറ്റ് റിപ്പോർട്ടിൽ 38,000 രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും ഈ തുക തിരിച്ച് അടയ്ക്കുന്നതിനായി ഓഡിറ്റർ നോട്ടീസ് നൽകിയിട്ടുള്ളതുമാണ്. ഈ നോട്ടീസിന് മറുപടിയായാണ് സി.ഡി.എസ് ഭാരവാഹികൾ ഭക്ഷ്യ കിറ്റുകൾ എലി തിന്നു പോയി എന്ന മറുപടി നൽകിയത്.
കഴിഞ്ഞ മാസങ്ങളിൽ സപ്ലൈക്കോയിലെ ബില്ലുകൾ പരിശോധിക്കുമ്പോൾ ആശ്രയ പദ്ധതിയിലേക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നിട്ടുള്ളതായാണ് കാണാൻ കഴിയുന്നത്. ഈ ബില്ലിൽ ഇത്രയും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 2020-21 വർഷത്തെ ബില്ലുകളും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിലും വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധനയ്ക്ക് വിധേയമാക്കിയാൽ കൂടുതൽ ക്രമക്കേടുകൾ കണ്ടു പിടിക്കുവാൻ സാധിക്കുമെന്ന് മിനി പറയുന്നു.
ആശ്രയ പദ്ധതിയിൽപ്പെട്ട് മരിച്ചു പോയ വ്യക്തികളുടെ പേരിൽ ഭക്ഷ്യകിറ്റുകൾ വാങ്ങുകയും ഇത് അവരവരുടെ വീടുകളിൽ ലഭിക്കാതിരിക്കുകയും ചെയ്തപ്പോൾ ആളുകളിൽ നിന്നും പരാതി ലഭിച്ചിരുന്നു. ഈ വിഷയം കൗൺസിൽ യോഗം വിളിച്ചു കൂട്ടി ചർച്ച ചെയ്യുകയും തുടർന്ന് ഈ ക്രമക്കേടുകൾ വിജിലൻസ് അന്വേഷണത്തിനായി കൗൺസിൽ ആവശ്യപ്പെടണമെന്നും മിനി ബൈജു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.