എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; അഞ്ചുപേർക്ക് പരിക്ക്
text_fieldsആലുവ: ചൂണ്ടി ഭാരത് മാത കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് പരിക്ക്. മൂന്ന് കെ.എസ്.യു പ്രവർത്തകരും രണ്ട് എസ്.എഫ്.ഐ പ്രവർത്തകരുമാണ് മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിച്ചത്.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അബി വക്കാസ്, ഫാബിയോ ടോമി എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിലും എസ്.എഫ്.ഐ ഏരിയ പ്രസിഡന്‍റ് സി.ഐ. ഷെഫിൻ, ജോയിന്‍റ് സെക്രട്ടറി ദേവരാജ് സുബ്രഹ്മണ്യൻ എന്നിവരെ കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
തിങ്കളാഴ്ച ക്ലാസ് ആരംഭിച്ച ആർട്സ് കോളേജിന് മുമ്പിൽ എസ്.എഫ്.ഐ കെട്ടിയ പോസ്റ്റർ കാണുന്നില്ലെന്നാക്ഷേപിച്ച് അനാവശ്യമായി മർദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. എടത്തലയിൽ നിന്നും സി.പി.എം പ്രവർത്തകരും എറണാകുളത്ത് നിന്നും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ആർഷോയുടെ നേതൃത്വത്തിലുമെത്തിയാണ് അക്രമണം നടത്തിയതെന്നും കെ.എസ്.യു ബ്ലോക്ക് പ്രസിഡന്‍റ് അൽ അമീൻ ആരോപിച്ചു.
എന്നാൽ, ലോ കോളേജിന് മുമ്പിൽ എസ്.എഫ്.ഐ ബുക്ക് ചെയ്തിരുന്ന ഭാഗം കെ.എസ്.യു കൈയേറിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ പുറത്തുനിന്നുമെത്തിയ സംഘമാണ് മർദിച്ചതെന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എസ്. ഹരികൃഷ്ണൻ പറഞ്ഞു.
ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്തതായി എടത്തല സി.ഐ പി.ജെ. നോബിൾ പറഞ്ഞു.
സമാധാന കമ്മിറ്റി രൂപീകരിച്ചു
ആലുവ: ചൂണ്ടി ഭാരത് മാത ലോ കോളേജും ആർട്സ് കോളേജും കേന്ദ്രീകരിച്ച് വിദ്യാർത്ഥി സംഘട്ടനം പതിവായ സാഹചര്യത്തിൽ പൊലീസിന്‍റെ സാന്നിദ്ധ്യത്തിൽ സമാധാന കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ എടത്തല പൊലീസ് സ്റ്റേഷനിലായിരുന്നു യോഗം. ഇരുകോളേജുകളിലെയും പ്രിൻസിപ്പൽമാർ, സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി സംഘടന പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമാധാന കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.