ജില്ല ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ അടച്ചിടൽ; ഗർഭിണികളും രോഗികളും ദുരിതത്തിൽ
text_fieldsആലുവ: ജില്ല ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ അടച്ചിട്ടതുമൂലം ഗർഭിണികളും രോഗികളും ദുരിതത്തിലായി. ജനറേറ്ററിന്റെയും വൈദ്യുതി വിതരണ ശൃംഖലയിലെയും തകരാർ പരിഹരിക്കുന്നതിനാണ് ഈ മാസം 24 വരെ തിയേറ്റർ അടച്ചിടുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, ഏതാനും നാളായി ഓപ്പറേഷൻ തിയറ്റർ പ്രവർത്തിക്കുന്നില്ലെന്നാണ് രോഗികൾ ആരോപിക്കുന്നത്. വൈദ്യുതി തകരാർ പരിഹരിക്കാൻ തുടക്കത്തിൽ ഒരു നടപടിയും കൈക്കൊള്ളാതിരുന്നതാണ് പ്രശ്നം കൂടുതൽ വഷളാകാൻ ഇടയാക്കിയത്. ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾ നോക്കാൻ പോലും ഉത്തരവാദിത്വമുള്ളവർ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.
ആറുകോടി മുടക്കി അത്യാധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷൻ തിയേറ്ററുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഈ സൗകര്യങ്ങളാണ് വൈദ്യുതിയുടെയും ജനറേറ്ററിന്റെയും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അടച്ചുപൂട്ടിയിട്ടിരിക്കുന്നത്. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തി പുതിയ ജനറേറ്റർ വാങ്ങാൻ തീരുമാനിച്ചത് സൂപ്രണ്ടിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം നടന്നില്ലെന്നും ആരോപണമുണ്ട്.
227 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളും ജീവനക്കാരുമുള്ള ഈ ആശുപത്രിയിൽ 60ഓളം രോഗികളെ മാത്രമേ ഇപ്പോൾ കിടത്തി ചികിത്സിക്കുന്നുള്ളൂ. രണ്ടുകോടി രൂപ ചെലവഴിച്ച് നിർമിച്ച വയോജനങ്ങൾക്കുള്ള വാർഡ് 2023ൽ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ടു കോടി രൂപ മുടക്കി നവീകരിച്ച പ്രസവ വാർഡും പ്രവർത്തിക്കുന്നില്ല. അത്യാഹിത വിഭാഗത്തിലടക്കം മതിയായ ഡോക്ടർമാരുമില്ല. ഓപ്പറേഷൻ തിയറ്റർ അടച്ചതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ ആശുപത്രിയിൽ ഉപരോധ സമരം നടത്തി.
എസ്.ഡി.ടി.യു ജില്ല പ്രസിഡൻറ് റഷീദ് എടയപ്പുറം, എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം എൻ.കെ. നൗഷാദ്, പാർട്ടി ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.എം. അബു, സെക്രട്ടറി ആഷിക് നാലാംമൈൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജെയിംസ് ഫ്രാൻസിസ്, മുഹമ്മദാലി മലേപ്പള്ളി, കുഞ്ഞുമുഹമ്മദ് ചൂർണിക്കര, ഫെമിർ ഉമ്മർ, സജിബ് കോമ്പാറ എന്നിവർ നേതൃത്വം നൽകി. 21 നകം ഓപ്പറേഷൻ തിയറ്റർ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന അസി. സൂപ്രണ്ടിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.