സൈക്കിൾ യജ്ഞത്തിന്‍റെ ഓർമകളുമായി കൊച്ചിൻ കമറുദ്ദീൻ
text_fieldsകമറുദ്ദീൻ
ആലുവ: തുടർച്ചയായ പത്തു ദിവസം സൈക്കിളിൽ നിന്നിറങ്ങാത്ത നാളുകൾ, അപകടങ്ങൾ നിറഞ്ഞ സാഹസിക പ്രകടനങ്ങൾ, കാണികളെ ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ.... സാഹസിക ജീവിത കാലഘട്ടത്തെ കുറിച്ചുള്ള ഓർമകൾ ഇന്നും കമറുദ്ദീന്‍റെ മനസ്സിലുണ്ട്, ഒരു കാലത്ത് സൈക്കിൾ യജ്ഞമെന്ന സാഹസിക പ്രകടനങ്ങളാൽ കേരളത്തിലും സമീപ സംസ്‌ഥാനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയാണ് െകാച്ചി കമറുദ്ദീൻ.
അഭ്യാസ പ്രകടനങ്ങൾ അന്നത്തെ ചുറുചുറുക്കോടെ ചെയ്യാൻ 68ാം വയസ്സിലും കമറുദ്ദീന് മടിയില്ല. ആലുവ കടൂപാടത്ത് സൈക്കിൾ റിപ്പയർ കട നടത്തുകയാണദ്ദേഹം. കൊച്ചി സ്വദേശിയായ കമറുദ്ദീൻ 18ാം വയസ്സിലാണ് സൈക്കിൾ യജ്‌ഞം ആരംഭിച്ചത്. കേരളത്തിന്‍റെ മുക്കിലും മൂലയിലും അഭ്യാസ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്ര, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും അഭ്യാസ പ്രകടനങ്ങളുമായി കറങ്ങിയിട്ടുണ്ട്.
ഓരോ പ്രദേശത്തും യജ്ഞത്തിനെത്തുമ്പോൾ സ്‌ഥലത്തെ ഏതെങ്കിലും പ്രമുഖനായിരിക്കും ഉദ്ഘാടനം നടത്തുക. അപ്പോൾ സൈക്കിളിൽ കയറിയാൽ പിന്നെ പത്ത് ദിവസം കഴിഞ്ഞാണ് താഴെയിറങ്ങുക. ഇടക്ക് വിശ്രമിക്കാൻ രണ്ട് സൈക്കിൾ കൂട്ടിവെച്ച് അതിൽ വിശ്രമിക്കും. അപ്പോഴും കാല് നിലത്തുകുത്തില്ല. കുളി, വസ്ത്രം മാറ്റൽ, ഭക്ഷണം കഴിക്കൽ, വെള്ളം കുടിക്കൽ, പത്രവായന തുടങ്ങിയ കാര്യങ്ങളെല്ലാം സൈക്കിളിൽ ഇരുന്നുതന്നെ നിർവഹിക്കും. സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് പലപ്പോഴും കുളിക്കുന്നതും വസ്ത്രം മാറുന്നതും. ആളുകൾ മൈതാനത്തേക്ക് ഇടുന്ന സംഭാവനകൾ പ്രത്യേക രീതിയിൽ കുമ്പിട്ട് കൈകൊണ്ട് എടുക്കുകയാണ് ചെയ്യുക. അപ്പോൾ പോലും കാല് നിലത്തുകുത്തില്ല.
ഈ പ്രായത്തിലും അതെല്ലാം അനായാസം ചെയ്തുകാണിക്കാൻ കമറുദ്ദീന് കഴിയും. കാർ കെട്ടിവലിക്കൽ, കാർ നെഞ്ചത്തുകൂടെ കയറ്റി ഇറക്കൽ, നെഞ്ചത്ത് കല്ല് വെച്ച് പൊട്ടിക്കൽ, ട്യൂബ് ശരീരത്തിൽ അടിച്ച് പൊട്ടിക്കൽ, രണ്ട് മണിക്കൂർ ജീവനോടെ ഭൂമിക്കടിയിൽ കുഴിച്ചിടൽ തുടങ്ങിയ പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.
ഇതിനിടയിൽ പലപ്പോഴും പലതരത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കമറുദ്ദീൻ പറയുന്നു. ട്യൂബ് അടിച്ചുപൊട്ടിച്ചതിന്‍റെ പാടുകൾ ഇപ്പോഴും ശരീരത്തിലുണ്ട്.
അടിയന്തരാവസ്ഥക്ക് ശേഷമാണ് അഭ്യാസ പ്രകടനങ്ങൾക്കായി കടൂപാടത്ത് എത്തുന്നത്. ഇതിനിടെ നാട്ടുകാരിയായ ഫാത്തിമയെ വിവാഹം കഴിച്ച് കടൂപാടത്ത് തന്നെ കൂടി. വിവാഹത്തിനുശേഷം പലഭാഗത്തും അഭ്യാസ പ്രകടനങ്ങൾക്ക് പോകുമ്പോൾ ഫാത്തിമയെയും കൊണ്ടുപോകാറുണ്ടായിരുന്നു. അഞ്ചു മക്കളാണ് ഇവർക്കുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള, താൻ അഭ്യാസ പ്രകടനങ്ങൾക്ക് പതിവായി ഉപയോഗിച്ചിരുന്ന, സൈക്കിൾ ഇന്നും കൈയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.