കോമ്പാറ ജങ്ഷൻ വികസനം രൂപരേഖക്ക് അംഗീകാരം; കൂടുതൽ ഫണ്ട് വേണ്ടിവരും
text_fieldsആലുവ: സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കോമ്പാറ ജങ്ഷൻ വികസനത്തിനുള്ള രൂപരേഖക്ക് അംഗീകാരമായി. പൊതുമരാമത്ത് ഉദ്യോഗസ്ഥർ തയാറാക്കിയ അലെയ്ൻമെന്റ് അതേപടി അംഗീകരിച്ച് ചീഫ് എൻജിനീയർ, ഉത്തരവിറക്കിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ഇതുപ്രകാരമുള്ള വികസനം നടത്തണമെങ്കിൽ കൂടുതൽ ഫണ്ട് വേണ്ടിവരും.
അതിനാൽ പദ്ധതി യാഥാർഥ്യമാകാൻ ഇനിയും സമയമെടുക്കും. വീതി കുറഞ്ഞ റോഡുകളും കൂടിവരുന്ന വാഹനങ്ങളുംമൂലം കാലങ്ങളായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്.
കാലഘട്ടത്തിന് അനുസരിച്ചുള്ള ഒരു വികസനവും എടത്തല പഞ്ചായത്തിലെ ഈ പ്രധാന ജങ്ഷനിലുണ്ടാകാറില്ല. ആലുവ-എറണാകുളം എൻ.എ.ഡി റോഡിൽ ഏറ്റവും തിരക്കേറിയ പ്രദേശമാണ് നൊച്ചിമ കോമ്പാറ കവല. എടത്തലയിൽനിന്ന് തായിക്കാട്ടുകര വഴി ആലുവക്ക് പോകുന്ന പ്രധാന റോഡും കോമ്പാറയിലൂടെയാണ് കടന്നുപോകുന്നത്.
മൂന്നാർ അടക്കം ഇടുക്കി ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിൽനിന്നും എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ ആലുവ നഗരത്തിൽ പ്രവേശിക്കാതെ, ഈ റോഡിലൂടെയാണ് പോകേണ്ടത്. ജങ്ഷനോട് ചേർന്ന റോഡുകൾക്ക് അടുത്തായി നിരവധി വലിയ ഗോഡൗണുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്കുള്ള വലിയ കണ്ടെയ്നർ ലോറികളും കവലയിലൂടെ കടന്നുപോകുന്നുണ്ട്. രാവിലെയും വൈകീട്ടും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ജനം വലയുകയാണ്. മെഡിക്കൽ കോളജിലേക്കടക്കം നിരവധി ആംബുലൻസുകൾ ഉൾപ്പെടെ ഇതിലൂടെ കടന്നുപോകുന്നു.
കൂടുതൽ ഫണ്ട് ആവശ്യപ്പെടും
-എം.എൽ.എ
ആലുവ: നിലവിൽ അംഗീകാരം കിട്ടിയ അലെയ്ൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുത്ത് കോമ്പാറ കവല വികസിപ്പിക്കാൻ കൂടുതൽ വേണ്ട തുക സർക്കാറിനോട് ആവശ്യപ്പെടും.
ഇത് അനുവദിപ്പിച്ച് ഉടൻ പദ്ധതി പൂർത്തീകരിക്കാനുള്ള ശ്രമം നടത്തുമെന്നും അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.