ബാങ്കിൽനിന്ന് കളവുപോയ പണയ സ്വർണാഭരണങ്ങൾ തിരികെ ആവശ്യപ്പെട്ട് ഇടപാടുകാർ
text_fieldsആലുവ: ബാങ്കിൽനിന്ന് കളവുപോയ പണയ സ്വർണാഭരണങ്ങൾ തിരികെ ആവശ്യപ്പെട്ട് ഇടപാടുകാർ പരാതി നൽകി. ആലുവ യൂനിയൻ ബാങ്കിലെ എഴുപതോളം ഇടപാടുകാരാണ് ബാങ്കിെൻറ റീജനൽ മാനേജർക്ക് കൂട്ടപ്പരാതി നൽകിയത്.
ഏകദേശം രണ്ടുവർഷം മുമ്പാണ് പണയ ഉരുപ്പടികൾ കളവുപോയത്. ബാങ്കിൽ ഇതിെൻറ ഉത്തരവാദിത്തമുണ്ടായിരുന്ന വനിത ജീവനക്കാരിയാണ് പല ഘട്ടങ്ങളിലായി രണ്ടരക്കോടിയോളം രൂപയുടെ ആഭരണങ്ങൾ കവർന്നത്. ഇവരുടെ ഭർത്താവിെൻറ ബാധ്യതകൾ തീർക്കാനാണ് ലോക്കറിൽനിന്ന് ആഭരണങ്ങൾ കവർന്നത്.
പിന്നീട് ഇവയെല്ലാം പൊലീസ് കണ്ടെടുത്തു. ഇതിനിടയിൽ സ്വർണാഭരണങ്ങൾ നഷ്ടമായവർ ബാങ്കുമായി ബന്ധപ്പെട്ടിരുന്നു. സ്വർണാഭരണങ്ങൾ കേസ് കഴിഞ്ഞ് തിരികെക്കിട്ടാൻ ഏറെ വർഷങ്ങളെടുക്കുമെന്നാണ് ബാങ്ക് അധികൃതർ ഇടപാടുകാരോട് പറഞ്ഞതത്രെ. എന്നാൽ, ലോൺ അക്കൗണ്ട് ക്ലോസ് ചെയ്തില്ലെങ്കിൽ ഇക്കാലയളവിലെ പലിശ വർധിച്ച് വലിയ ബാധ്യതയായി മാറും. അതിനാൽതന്നെ സ്വർണത്തിന് പകരം പണം നൽകാമെന്നും വാഗ്ദാനം നൽകിയത്രെ.
ഇതുപ്രകാരം ഇടപാടുകാരിൽ പലരും ബാങ്കിന് നൽകാനുള്ള തുക കഴിച്ചുള്ള പണവും കൈപ്പറ്റിയിരുന്നു. ഇതിനിടയിൽ പൊലീസ് തൊണ്ടിമുതലുകൾ ഉടമകളെ കാണിച്ച് തരംതിരിച്ച് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, തങ്ങൾക്ക് കിട്ടിയത് സ്വർണത്തിെൻറ യഥാർഥ മൂല്യെത്തക്കാൾ കുറഞ്ഞ തുകയാണെന്നും അതിനാൽതന്നെ തങ്ങളുടെ സ്വർണം തിരികെ വേണമെന്നും ബാങ്കിൽനിന്ന് വാങ്ങിയ തുക തിരികെ നൽകാമെന്നും 120 ഓളം ഇടപാടുകാർ ബാങ്കിനെ അറിയിച്ചിരുന്നു.
ഇതിൽ പലർക്കും പണം ലഭിച്ചിരുന്നുമില്ലത്രെ. എന്നാൽ, സ്വർണത്തിന് പകരം പണം സ്വീകരിച്ചതായി കാണിച്ച് ഇടപാടുകാർ രേഖകൾ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നും അതിനാൽ സ്വർണം നൽകാൻ തയാറല്ലെന്നുമാണത്രെ ബാങ്കിെൻറ നിലപാട്. എന്നാൽ, ഇക്കാര്യങ്ങൾ മറച്ചുെവച്ച് തൽക്കാലം പണം കൈപ്പറ്റുന്നുവെന്ന നിലയിലാണ് തങ്ങളക്കൊണ്ട് രേഖകൾ ഒപ്പിട്ട് വാങ്ങിയതെന്നാണ് ഇടപാടുകാരിൽ പലരും ആരോപിക്കുന്നത്. ഇതിനെതിരെ വ്യാഴാഴ്ച വൈകീട്ട് കൂട്ടപ്പരാതി നൽകാൻ വന്നവരെ ബാങ്ക് കോമ്പൗണ്ടിൽ കയറ്റാതെ അധികൃതർ ഗേറ്റടച്ചു.
എന്നാൽ, ഇടപാടുകാർ പ്രതിഷേധവുമായി പുറത്ത് നിലകൊണ്ടു. പിന്നീട് പൊലീസ് ഇടപെട്ടാണ് കൂട്ടപ്പരാതി ബാങ്ക് അധികൃതരെക്കൊണ്ട് സ്വീകരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.