കുലുങ്ങാതെ അധികൃതർ; ആലുവ-മൂന്നാർ റോഡിൽ നടുവൊടിഞ്ഞ് ജനം
text_fieldsആലുവ: തകർന്നുകിടക്കുന്ന ആലുവ-മൂന്നാർ റോഡിലൂടെയുള്ള യാത്ര ഭീതിജനകമായി മാറുന്നു. ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം വരെ തകരാൻ ഇനി റോഡ് ബാക്കിയില്ല.
ജനകീയ റോഡ് സുരക്ഷ സമിതിയുടേയും രാഷ്ട്രീയ പാർട്ടികളുടെയുമടക്കം നിരവധി പ്രതിഷേധ സമരങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു. പ്രതിഷേധം കൊണ്ടൊന്നും ഞങ്ങൾ കണ്ണ് തുറക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത്, വാട്ടർ അതോറിറ്റി അധികൃതർ.
ജനങ്ങളുടെ ശക്തമായ പ്രതിഷേധം വരുമ്പോൾ മാത്രം മെറ്റൽ പൊടിയും കുറച്ചു മെറ്റലും അടങ്ങിയ മിശ്രിതം കുഴിയിൽ തൂകി പോവുകയാണ്. മഴ മാറി കനത്ത വെയിലാകുമ്പോൾ റോഡിൽ തൂകിയിരിക്കുന്ന മെറ്റൽ പൊടി മൂലമുണ്ടാകുന്ന പൊടിശല്യം ജനങ്ങൾക്ക് മറ്റൊരു ദുരിതമായി മാറും. മഴ പെയ്യുമ്പോൾ മെറ്റൽ പൊടി മഴയിലലിഞ്ഞ് കുഴിയായി മാറുന്നു.
ഇൗ രീതിയിലുള്ള തലതിരിഞ്ഞ പ്രവർത്തനങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്ന് മാസങ്ങളായി ഉണ്ടാവുന്നത്. കുഴികളിൽ പൂർണ്ണമായും മെറ്റലിട്ട് അതിൽ ടാർ ഒഴിച്ച് ഉറപ്പിക്കുന്നതിന് പകരമാണ് ഇത്തരം പ്രവർത്തനങ്ങൾ അധികൃതർ ചെയ്യുന്നത്.
2022ൽ ചാലക്കൽ പതിയാട്ട് കവലയിൽ നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രികനായ കുഞ്ഞുമുഹമ്മദ് മരിച്ചിരുന്നു. ഇതിനുശേഷം ഇതിനോടകം നിരവധി അപകടങ്ങളുണ്ടായി. രണ്ടാഴ്ച മുമ്പ് മഹിളാലയത്തുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഉളിയന്നൂർ സ്വദേശി സ്വാലിഹ് ഇപ്പോഴും അബോധാവസ്ഥയിലാണ്. ഭാര്യ നിഷയെ കാലിന് ഗുരുതര പരിക്കേറ്റ് ശാസ്ത്രക്രിയക്ക് വിധേയമാക്കി. ഒരാഴ്ച മുമ്പ് തോട്ടുമുഖം പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയായ കുട്ടമശ്ശേരി കുന്നുംപുറം ചേരിൽ വീട്ടിൽ സഫ്വാനും കാലിന് ശാസ്ത്രക്രിയ വേണ്ടിവന്നു.
റോഡിലൂടെ സഞ്ചരിക്കുന്ന ഓരോ യാത്രക്കാരനും അപകട ഭീതിയിലും ദുരിതത്തിലുമാണ്. നടുവൊടിക്കുന്ന തരത്തിലുള്ള കുഴികളാണ് റോഡ് നിറയെ. ഈ റോഡുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ നിയമസഭയിലടക്കം ഉന്നയിച്ചിട്ടും സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല. വിഷയത്തിൽ തുടർച്ചയായി ഇടപെട്ടുകൊണ്ടിരിക്കുന്ന ജനകീയ റോഡ് സുരക്ഷ സമിതി ഉപവാസം വരെ നടത്തുകയുണ്ടായി.
2022ൽ അപകടത്തിൽ മരണപ്പെട്ട കുഞ്ഞുമുഹമ്മദിന്റെ മരണത്തെത്തുടർന്ന് ഹൈക്കോടതി വരെ വിഷയത്തിൽ ഇടപ്പെട്ടിരുന്നു. അപ്പോൾ സർക്കാർ ഉടൻ റോഡിന്റെ പണി നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വർഷങ്ങൾ കഴിയുകയല്ലാതെ ഒരു നടപടിയുമുണ്ടായില്ല. ഇപ്പോൾ, റോഡിന് ഫണ്ട് അനുവദിച്ചെങ്കിലും ജലജീവൻ മിഷൻ പദ്ധതി പാരയായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.