ജില്ലതല ബഡ്സ് കലോത്സവം സമാപിച്ചു; ചെല്ലാനത്തിന് കിരീടം
text_fieldsആലുവ: കുടുംബശ്രീ ജില്ല മിഷൻ നടത്തിയ 'പൂക്കാലം' ജില്ലതല ബഡ്സ് കലോത്സവത്തില്‍ ചെല്ലാനം ബഡ്സ് സ്പെഷല്‍ സ്കൂള്‍ ചാമ്പ്യന്മാരായി. ഏലൂര്‍ ബഡ്സ് സ്പെഷല്‍ സ്കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് രണ്ടാംസ്ഥാനവും നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷല്‍ സ്കൂള്‍ മൂന്നാംസ്ഥാനവും നേടി. ചെല്ലാനം ബഡ്സ് സ്കൂളിലെ എ.കെ. ബിജു കലാപ്രതിഭയായി. നെല്ലിക്കുഴി ദയ ബഡ്സ് സ്കൂളിലെ കെ.എസ്. സന്ധ്യയാണ് കലാതിലകം. തുടര്‍ച്ചയായ നാലാം തവണയാണ് ബിജു കലാപ്രതിഭ പട്ടം നേടുന്നത്.
നാടന്‍പാട്ട്, ലളിതഗാനം, ഉപകരണസംഗീതം എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയാണ് ബിജു കലാ പ്രതിഭയായത്. നാടോടി നൃത്തം, പ്രച്ഛന്നവേഷം എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയാണ് സന്ധ്യ കലാതിലകമായത്.
ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ നടന്ന കലോത്സവത്തിന്റെ സമാപനം ജില്ല ശിശുക്ഷേമ സമിതി വൈസ് ചെയര്മാന് അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍ അധ്യക്ഷതവഹിച്ചു. നടൻ സാജു നവോദയ മുഖ്യാതിഥിയായി. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. പുഷ്പദാസ് ബഡ്സ് അധ്യാപകരെയും ആയമാരെയും ആദരിച്ചു.
ജില്ല മിഷന് കോഓഡിനേറ്റര്‍ എം.ബി. പ്രീതി, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയന്, ജില്ല പ്രോഗ്രാം മാനേജര്‍ കെ.എം. അനൂപ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.