റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്തുപകർന്ന് ആറംഗ സംഘം
text_fieldsആലുവ: റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്തുപകർന്ന് ആറുപേർ. ലാബ് ഇനത്തിൽപെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജർമൻ ഷെപ്പേർഡ് ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് സ്ക്വാഡിലുള്ളവർ. എട്ട് വയസ്സുള്ള ജാമിയും നാലുവയസ്സുള്ള ബെർട്ടിയും, മൂന്നര വയസ്സുള്ള അർജുനും സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കാൻ വിദഗ്ധരാണ്. ആറു വയസ്സുള്ള മിസ്റ്റി നാർക്കോട്ടിക് വസ്തുക്കൾ കണ്ടുപിടിക്കാൻ വൈദഗ്ധ്യം നേടിയ നായാണ്.
നാലു വയസ്സുള്ള മാർലിയും ഒന്നര വയസ്സുള്ള ടിൽഡയും മിടുക്കരായ ട്രാക്കർമാരാണ്. നിരവധി കേസുകളിൽ അന്വേഷണത്തിന് തുണയായവരാണ് ഈ ശ്വാനസംഘം. കളമശ്ശേരി ഡി.എച്ച്.ക്യു ആസ്ഥാനത്ത് രാവിലെ 6.45 മുതൽ എട്ടു വരെയാണ് ഇവരുടെ പരിശീലനം. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങിയത്. ജാമി ഹരിയാനയിലാണ് പരിശീലനം പൂർത്തിയാക്കി റൂറൽ ടീമിനൊപ്പം ചേർന്നത്. ബാക്കിയുള്ളവരുടെ ഒമ്പതുമാസത്തെ പരിശീലനം തൃശൂർ കേരള പൊലീസ് അക്കാദമിയിലായിരുന്നു. സബ് ഇൻസ്പെക്ടർ മോഹൻ കുമാർ, എ.എസ്.ഐ വി.കെ. സിൽജൻ, സീനിയർ സി.പി.ഒമാരായ വില്യംസ് വർഗീസ്, പ്രഭീഷ് ശങ്കർ എന്നിവരുൾപ്പെടുന്ന 12 പേരാണ് ഹാൻഡ്ലർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.