ഗാർഹിക പീഡന കേസ്: ഭർത്താവ് ഭാര്യക്ക് താമസ സൗകര്യമൊരുക്കി കൊടുക്കണം
text_fieldsആലുവ: ഗാർഹിക പീഡന കേസിൽ ഭർത്താവ് ഭാര്യക്ക് താമസ സൗകര്യമൊരുക്കികൊടുക്കണമെന്ന് കോടതി. കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്‌വിൻ വില്യം കൊറയയുടെ ഭാര്യ ശ്രീലക്ഷ്മിക്ക് പത്ത് ദിവസത്തിനകം സൗകര്യമൊരുക്കി നൽകണമെന്നാണ് ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചത്.
അല്ലെങ്കിൽ ശ്രീലക്ഷ്മിക്ക് ഓസ് വിന്‍റെ വീട്ടിൽ കയറി താമസിക്കാനോ, സ്വന്തം നിലയിൽ വാടക വീട് കണ്ടെത്തി ഭർത്താവിൽനിന്ന് വാടക ഈടാക്കാനോ ആവകാശമുണ്ടായിരിക്കും. കായംകുളം സ്വദേശിനിയായ ശ്രീലക്ഷ്മിയെ ഭർത്താവിന്‍റെ വീട്ടിൽ താമസിക്കാൻ സമ്മതിക്കാത്തതിനെതിരെയാണ് കോടതിയെ സമീപിച്ചത്. അനാഥയായ ശ്രീലക്ഷ്മി പ്ലസ് ടു കഴിഞ്ഞതോടെയാണ് ജോലിതേടി കൊച്ചിയിലെത്തിയത്.
കോവിഡിനെ തുടർന്ന് ജോലി ഇല്ലാതായപ്പോൾ ഓൺലൈൻ ഡെലിവറി ജോലിക്ക് കയറി. ഇതിനിടെ പരിചയപ്പെട്ട ഓസ്‌വിൻ സൗഹൃദം നടിച്ച് കൂടെക്കൂടി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവത്രെ. പൊലീസിൽ പരാതിപ്പെടുമെന്നായപ്പോൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ രജിസ്‌റ്റർ വിവാഹം ചെയ്തു. തുടർന്ന് എടത്തലയിൽ വാടകക്ക് താമസിക്കുകയായിരുന്നു. ജോലി ചെയ്ത് സമ്പാദിച്ച പണവും സ്വർണവും തട്ടിയെടുത്ത ഭർത്താവ് പെൺകുട്ടിയുടെ പേരിൽ ലോണുകളുമെടുത്തു. പിന്നീട് കലൂരിലെ വീട്ടിലേക്ക് താമസം മാറ്റാമെന്ന് പറഞ്ഞ് കൊണ്ടുപോകുന്നതിനിടയിൽ ഇടപ്പള്ളിയിൽ ശ്രീലക്ഷ്മിയെ ഉപേക്ഷിച്ച് ഓസ്‌വിൻ മുങ്ങുകയായിരുന്നത്രെ.
ഇതിനെതിരെ എടത്തല പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിക്ക് മുൻകൂർ ജാമ്യം കിട്ടുന്ന രീതിയിലാണ് കേസെടുത്തതത്രെ. ഇതേ തുടർന്ന് ആലുവ കോടതിയെ സമീപിച്ചപ്പോൾ വീട്ടിൽ കയറ്റാൻ ഉത്തരവിട്ടു. ഇതുമായി കലൂരിലെ വീട്ടിലെത്തിയെങ്കിലും ശ്രീലക്ഷ്മിയെ കയറ്റാതിരിക്കാൻ വീട്ടുകാർ വീടുപൂട്ടി പോയി. എറണാകുളത്തെ പൊലീസും നടപടിയെടുത്തില്ല. പൂട്ട് പൊളിക്കാനുള്ള ഉത്തരവുണ്ടെങ്കിൽ പൊളിച്ച് അകത്ത് കയറ്റാമെന്നായിരുന്നു അവരുടെ നിലപാട്. ഇതേ തുടർന്ന് വീണ്ടും കോടതിയെ സമീപിച്ചപ്പോൾ ഭർത്താവിനോടും മാതാപിതാക്കളോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
എന്നാൽ, ഓസ്‌വിൻ ബംഗളൂരുവിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. ഇതേ തുടർന്ന് വെള്ളിയാഴ്ച നിർബന്ധമായും ഓൺലൈനായി ഹാജരാകാൻ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ഉച്ചകഴിഞ്ഞ് ഭർത്താവ് ഓസ്‌വിൻ ഓൺലൈനായും ഇയാളുടെ പിതാവ് മാക്സൺ കൊറയ നേരിട്ടും ഹാജരായി. മാതാവ് മെറീന കൊറയ ഹാജരായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.