പൈപ്പുകൾ കാലഹരണപ്പെട്ടു; കുടിവെള്ളം മുട്ടി ആലുവ
text_fieldsആലുവ: പൈപ്പ് പൊട്ടൽ മൂലം ആലുവയിലും സമീപങ്ങളിലും കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. നഗരത്തിൽ മാത്രം പല ഭാഗങ്ങളിലും പൈപ്പുകൾ പൊട്ടുന്നുണ്ട്. ഇതുമൂലം ജലവിതരണം തടസ്സപ്പെടുകയാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരാണ് ദുരിതത്തിലാകുന്നത്. ഹോട്ടലുകൾ, ശീതളപാനീയ കടകൾ തുടങ്ങിയവർക്കും ഇത് പ്രതിസന്ധിയാകുന്നുണ്ട്. മാർക്കറ്റ് റോഡ്, നഗരസഭ പാർക്ക് പ്രദേശം തുടങ്ങിയ ഭാഗങ്ങളിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്നുണ്ട്. മാർക്കറ്റ് റോഡിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഞായറാഴ്ചയും കുടിവെള്ളം മുടങ്ങിയിരുന്നു.
കാലഹരണപ്പെട്ട ഭൂഗർഭ പൈപ്പുകളിലൂടെയാണ് ആലുവയിൽനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഗുണനിലവാരമുള്ള ഡി.ഐ പൈപ്പുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ വർഷങ്ങൾക്ക് മുമ്പേ ഉത്തരവിട്ടിരുന്നു. പേരിന് ആലുവ പമ്പ് കവല മുതൽ ബാങ്ക് കവല വരെയുള്ള പൈപ്പുകൾ മാറ്റിയിരുന്നു.
അതും ഏറെനാൾ എടുത്താണ് പണിതീർത്തത്. ഉൾപ്രദേശങ്ങളിലെയടക്കം ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റാത്തതാണ് തുടർച്ചയായ പൈപ്പ് പൊട്ടലിനും ജലവിതരണ തടസ്സങ്ങൾക്കും ഇടയാക്കുന്നത്. 2016ൽ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു.
അര നൂറ്റാണ്ടിലധികമായ ആസ്ബസ്റ്റോസ് നിർമിത പൈപ്പുകൾ നിത്യേന പൊട്ടി കുടിവെള്ളം പാഴാകുന്നതായും ഇത്തരം പൈപ്പുകളിലൂടെ ലഭിക്കുന്ന വെള്ളം അർബുദമടക്കമുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്നും കമീഷനെ ബോധിപ്പിച്ചിരുന്നു. ഇതേതുടർന്ന് കമീഷൻ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ കാലഹരണപ്പെട്ട ആസ്ബസ്റ്റോസ് നിർമിത പൈപ്പുകൾ മാറ്റിയാൽ മാത്രമേ പരിഹാരമുണ്ടാകൂവെന്ന് എക്സി. എൻജിനീയറടക്കമുള്ള ഉദ്യോഗസ്ഥർ കമീഷൻ മുമ്പാകെ വിശദീകരണം നൽകിയിരുന്നു.
ഇതിന് വേണ്ട ഫണ്ട് വാട്ടർ അതോറിറ്റിക്കില്ലെന്നും സർക്കാറാണ് നൽകേണ്ടതെന്നും അറിയിച്ചു. ഇതിനെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമീഷൻ നോട്ടീസയച്ചു. അൻവർ സാദത്ത് എം.എൽ.എ സർക്കാറിൽ സമർദം ചെലുത്തി എസ്റ്റിമേറ്റ് എടുപ്പിക്കുകയും ചെയ്തിരുന്നു. 2017 അവസാനത്തിൽ പ്ലാൻ ഫണ്ട് 5.75 കോടി പാസാക്കിയിരുന്നു. പമ്പ് കവല മുതൽ ബാങ്ക് കവല വരെയുള്ള പൈപ്പ് മാത്രമാണ് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.