മണപ്പുറം കുട്ടിവനത്തിൽ സാമ്രാജ്യമുറപ്പിച്ച് മയക്കുമരുന്ന് സംഘങ്ങൾ
text_fieldsആലുവ: മണപ്പുറം കുട്ടിവനത്തിൽ സാമ്രാജ്യമുറപ്പിച്ച് മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടകളും സാമൂഹിക വിരുദ്ധരും. പരിസ്ഥിതി സംരക്ഷണത്തിനായി ഒരു പറ്റം നല്ല മനുഷ്യർ നട്ടുവളർത്തിയുണ്ടാക്കിയ കുട്ടിവനം കേന്ദീകരിച്ച് കാലങ്ങളായി സാമൂഹിക വിരുദ്ധരാണ് പ്രവർത്തിക്കുന്നത്. ഇവിടെ ആക്രമണങ്ങളും പതിവാണ്. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന കൊലപാതകവും. ലഹരി വിൽപന സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു.
പലപ്പോഴും മണപ്പുറത്തുനിന്ന് മയക്കുമരുന്ന് കച്ചവടക്കാർ പിടിയിലായിട്ടുണ്ട്. എന്നാൽ, പരാതികൾ വർധിക്കുമ്പോൾ വല്ലപ്പോഴും മാത്രമാണ് പൊലീസ് ഈ ഭാഗത്ത് പരിശോധന നടത്തുന്നത്. പൊലീസും എക്സൈസും പിടികൂടിയിട്ടുള്ളതിൽ കൂടുതൽ മയക്കുമരുന്ന് സംഘങ്ങൾ മണപ്പുറത്തും കുട്ടിവനത്തിലുമുണ്ട്. ഇക്കൂട്ടർ മണപ്പുറം സന്ദർശിക്കുന്നവരെ ഉപദ്രവിക്കാറുമുണ്ട്. മേഖലയിലെ ചില ഗുണ്ടകളാണ് ഇത്തരം പിടിച്ചുപറികൾക്ക് പിന്നിൽ.
രാത്രി സമയങ്ങളിൽ മണപ്പുറവും കുട്ടിവനവും സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. മദ്യപിക്കാനും അനാശാസ്യ പ്രവർത്തനങ്ങൾക്കും കുട്ടിവനം പലരും ഉപയോഗപ്പെടുത്തുന്നുണ്ട്. മണപ്പുറം പ്രദേശങ്ങൾ കാടുപിടിച്ച് കിടക്കുന്നതാണ് കുട്ടിവനം അക്രമികൾ താവളമാക്കാൻ മറ്റൊരു കാരണം. ശിവരാത്രി സമയത്ത് മാത്രമാണ് നഗരസഭ അധികൃതർ മണപ്പുറത്തെ കുറ്റിക്കാടുകൾ വെട്ടാറുള്ളത്. ആവശ്യത്തിന് വെളിച്ചവും ഇല്ല.
ശിവരാത്രി വ്യാപാരോത്സവത്തിൽനിന്ന് വൻ തുക നേട്ടമുണ്ടാക്കുന്ന നഗരസഭ മണപ്പുറം സംരക്ഷിക്കാൻ ശ്രദ്ധചെലുത്തുന്നില്ല. കാടുകയറിയ മണപ്പുറത്തുകൂടെ ഇരുട്ടത്ത് കുട്ടിവനത്തിലേക്ക് എത്താൻ പൊലീസിനും പരിമിതികളുണ്ട്.
പരിഹാരം വിനോദ സഞ്ചാര വികസനം
മണപ്പുറം കുട്ടിവനം കേന്ദ്രീകരിച്ച് വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് അനവധി സാധ്യതകളുണ്ട്. പല കാലഘട്ടങ്ങളിൽ നിരവധി പദ്ധതികൾ ഉയർന്നുവന്നെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ചില പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും ഒന്നും എങ്ങുമെത്തിയില്ല.
പെരിയാർ തീരത്ത് വർഷങ്ങളായി തലയെടുപ്പോടെ നിലകൊള്ളുന്ന ഈ കുട്ടിവനം മനുഷ്യകരങ്ങളാൽ ഒരുക്കിയെടുത്തതാണെന്ന് പോലും പലർക്കും വിശ്വസിക്കാൻ കഴിയാറില്ല. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രഫ. എസ്. സീതാരാമനാണ് ഈ വനത്തിന് പിന്നിൽ. മണപ്പുറത്തോട് ചേർന്ന് രണ്ടര കിലോമീറ്റർ നീളത്തിലാണ് വനം. മൂവായിരത്തോളം മരങ്ങളാണ് ഇന്ന് ഇവിടെയുള്ളത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.