ആലുവ മണപ്പുറത്തും പരിസരങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു
text_fieldsആലുവ: മണപ്പുറത്തും പരിസരങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഈ ഭാഗങ്ങളിൽ വർധിച്ചിട്ടുണ്ട്. മണപ്പുറത്തെ കുട്ടിവനമാണ് ഇവരുടെ പ്രധാന താവളം. കുട്ടിവനത്തിലും പരിസരത്തുമായി കഞ്ചാവ് - മയക്കുമരുന്ന് സംഘം തമ്പടിക്കുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
രാപ്പകൽ ഭേദമന്യേ ഇവിടെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടത്രെ. ഏതു സമയവും വാഹനങ്ങളിലും മറ്റുമായി നിരവധി പേരാണ് മണപ്പുറത്തെത്തുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ ആഘോഷവും ബഹളവുമെല്ലാം പതിവായിരിക്കുകയാണ്. എന്നാൽ, ഇതിനെതിരെ പ്രതികരിക്കാൻ നാട്ടുകാർക്ക് ഭയമാണ്. അതിനാൽ തന്നെ ബഹളം നടന്നാലും നാട്ടുകാർ നിശബ്ദത പാലിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തിൽ ശിവരാത്രി ആഘോഷവും കർക്കടക വാവ് ബലിയുമെല്ലാം ഉപേക്ഷിച്ചതിനാൽ മണപ്പുറത്തിന്‍റെ പതിവ് ശുചീകരണം നടന്നിട്ടില്ല. 2020ലെ ശിവരാത്രിക്ക് ശേഷം മണപ്പുറത്തെ പുല്ല് പോലും വെട്ടിയിട്ടില്ല. ഒരാൾ പൊക്കത്തിലേറെ പുല്ലും വള്ളിപ്പടർപ്പുകളുമെല്ലാം വളർന്നതിനാൽ മറുവശത്ത് ആളുകൾ നിന്നാൽ അറിയാൻ കഴിയില്ല. വല്ലപ്പോഴുമാണ് പൊലീസ് പട്രോളിങ് സംഘം മണപ്പുറത്ത് എത്തുന്നത്.
ലഹരി മാഫിയകൾ പരസ്പരം ഏറ്റുമുട്ടുന്ന സംഭവവും ഇവിടെയുണ്ടാകാറുണ്ട്. നേരത്തെ മണപ്പുറത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും കാലക്രമേണ നിലച്ചു. അതാണ് കുറ്റവാളികൾക്ക് സഹായകമായത്. മണപ്പുറം ലഹരി മാഫിയകളുടെ താവളമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പൊലീസ്, എക്സൈസ്, നഗരസഭ അധികൃതർ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണ്. ഇതാണ് മണപ്പുറം ലഹരി മാഫിയയുടെ താവളമാകാൻ കാരണമെന്നാണ് ആക്ഷേപം.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭ ചെയർമാനെ ഉപരോധിച്ചു
ആലുവ: നഗരസഭ മണപ്പുറത്തെ അവഗണിക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭ ചെയർമാൻ എം.ഒ. ജോണിനെ ഉപരോധിച്ചു. രണ്ടാൾ പൊക്കത്തിൽ വരെ കാടുപിടിച്ചിട്ടും വെട്ടിനീക്കാത്ത നഗരസഭയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. വാർഡ് കൗൺസിലർ രണ്ട് തവണ കത്ത് കൊടുത്തിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നും സമരക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.