ഡിവൈ.എസ്.പി ഓഫിസിൽ വീട്ടമ്മ കുഴഞ്ഞുവീണ സംഭവം; ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകും
text_fieldsആലുവ: ഡിവൈ.എസ്.പി ഓഫിസിൽ വീട്ടമ്മ കുഴഞ്ഞു വീണ സംഭവത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രിക്കടക്കം പരാതി നൽകും. കൊടികുത്തുമല ആഞ്ഞിലിമൂട്ടിൽ പരേതനായ ഷംസുവിെൻറ ഭാര്യ കദീജ ബീവി (58)യാണ് കുഴഞ്ഞുവീണത്. ഡിവൈ.എസ്.പി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഹൃദ്രോഗിയായ കദീജ ബീവി കുഴഞ്ഞു വീണതെന്നാണ് ബന്ധുക്കളുടെ പരാതി.
ഇത് ഉന്നയിച്ചാണ് മുഖ്യമന്ത്രി, മധ്യമേഖല ഡി.ഐ.ജി, എസ്.പി എന്നിവർക്ക് പരാതി നൽകുന്നത്. ദമ്പതികൾ തമ്മിലുള്ള വഴക്ക് തീർക്കാൻ മധ്യസ്ഥ ചർച്ച നടക്കുന്നതിനിടെയാണ് ഭർതൃമാതാവായ കദീജ ബീവി ആലുവ ഡിവൈ.എസ്.പി ഓഫിസിൽ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണത്. ഇവരെ ആദ്യം അശോകപുരം കാർമ്മൽ ആശുപത്രിയിലും പിന്നീട് പഴങ്ങനാട് സമരിറ്റൻ ആശുപത്രി തീവ്രപരിചണ വിഭാഗത്തിലേക്കും മാറ്റി. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ബന്ധുക്കൾ പറയുന്നു.
കദീജയുടെ മകൻ ഷെമീറും ഭാര്യ ഷാലിമയും തമ്മിൽ വഴക്കിട്ടതിനെ തുടർന്ന് മാസങ്ങളായി ഷാലിമ കടുങ്ങല്ലൂരിലെ സ്വന്തം വീട്ടിലായിരുന്നു. ഷാലിമയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ഒത്തുതീർപ്പാക്കുന്നതിനാണ് ഇരുവിഭാഗവും ബന്ധുക്കളുമായി ആലുവ ഡിവൈ.എസ്.പി ഓഫിസിലെത്തിയത്. ചർച്ചക്കിടെ ഷെമീറിനോട് പൊലീസ് തട്ടിക്കയറിയപ്പോഴാണ് കദീജബീവി കുഴഞ്ഞുവീണതെന്ന് ഷെമീറിെൻറ ബന്ധുക്കൾ ആരോപിക്കുന്നു.
എല്ലാവരെയും കേസിൽ പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡിവൈ.എസ്.പി ശിവൻകുട്ടി പറഞ്ഞു. ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ചെയ്തതെന്നും ഡിവൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.