ഈ കലാലയത്തിനുണ്ട്, സാമൂഹിക സേവനത്തിന്റെ സിലബസ്
text_fieldsആലുവ: കലാലയ മതിൽക്കെട്ടിന് പുറത്ത് പാഠപുസ്തകങ്ങളിൽ ഉള്ളതിനേക്കാളേറെ പഠിക്കാനുണ്ടെന്ന തിരിച്ചറിവാണ് എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർഥികളെ സാമൂഹിക സേവന മേഖലയിലേക്ക് വഴിനടത്തിയത്. തങ്ങളുടെ ജീവിതം സഹജീവിക്ഷേമത്തിന് കൂടിയുള്ളതാണെന്ന ചിന്ത അധ്യാപകരും മാനേജ്മന്റെും പകർന്നുനൽകിയപ്പോൾ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) യൂനിറ്റ് അടക്കമുള്ള വിദ്യാർഥി കൂട്ടായ്മകൾ പ്രവർത്തനങ്ങളുമായി സജീവമായി.
അടുത്ത ഒരു വർഷത്തേക്ക് എടത്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശുചിത്വ പരിപാലനം ഏറ്റെടുക്കാനുള്ള കുട്ടികളുടെ തീരുമാനം സമൂഹവികസനത്തോടുള്ള അവരുടെ സമർപ്പണത്തിന്റെ തെളിവാണ്. രോഗികൾക്ക് ശുചിത്വമുള്ള അന്തരീക്ഷവും വിദ്യാർഥികളിൽ ഉത്തരവാദിത്വബോധവും യാഥാർഥ്യമാക്കാൻ പദ്ധതിക്കായി.
കുഞ്ചാട്ടുകര ഗവ. ഹൈസ്കൂളിലെ വിദ്യാഭ്യാസ ശാക്തീകരണത്തിലും എൻ.എസ്.എസ് യൂനിറ്റ് സജീവമായി ഇടപെടുന്നു. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും കായിക ഉപകരണങ്ങളും വിതരണം ചെയ്തുവരുന്നുണ്ട്. ബുധനാഴ്ചകളിൽ അഗതികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന എൻ.എസ്.എസ് യൂനിറ്റിന്റെ ‘ഒരു നേരം’ ഉച്ചഭക്ഷണ വിതരണ പദ്ധതി സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്. നവജാത ശിശുക്കൾക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘സ്നേഹധാര’ പദ്ധതിക്ക് ശിശുദിനത്തിൽ തുടക്കമായി.
കളമശ്ശേരി മെഡിക്കൽ കോളജിലെ നവജാതശിശുക്കൾക്ക് അവശ്യവസ്തുക്കൾ വിദ്യാർഥികൾ വിതരണം ചെയ്തു. എൻ.എസ്.എസ് പ്രവർത്തങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് പ്രോഗ്രാം ഓഫിസർമാരായ എ.ടി. രാജഗോപാൽ, വി.ബി. ബുഷറ എന്നിവരാണ്. പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ, വൈസ് പ്രിൻസിപ്പൽ വി.എം. ലഗീഷ്, മറ്റ് അധ്യാപകർ, കോളജ് മാനേജിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. അഹമ്മദ് കുഞ്ഞ്, സെക്രട്ടറി ആൻഡ് കറസ്പോൺഡൻറ് അഡ്വ. എം.എം. സലിം എന്നിവരും മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.