എടയപ്പുറം ഗ്രാമത്തിന് കാഴ്ചവിരുന്നൊരുക്കി താമര തടാകം
text_fieldsആലുവ: എടയപ്പുറം ഗ്രാമത്തിന് കാഴ്ച വിരുന്നൊരുക്കി താമര തടാകം. എടയപ്പുറം ടൗൺഷിപ് റോഡരികിലെ തടാകത്തിലാണ് നിരവധി താമരകൾ വിരിഞ്ഞത്. ഭൂമാഫിയ ഉപേക്ഷിച്ചുപോയ പ്രദേശത്തെ തടാകത്തിൽ നാട്ടുകാർ നട്ട താമരത്തണ്ടുകളിലാണ് പൂക്കളുണ്ടായത്. ഇത് കാണാൻ വൈകുന്നേരങ്ങളിൽ കുടുംബസമേതമാണ് ആളുകളെത്തുന്നത്. സമീപത്തെ ടൗൺഷിപ് ഗ്രൗണ്ടിലെത്തുന്ന കായികതാരങ്ങളും നാട്ടുകാരുമാണ് പൂക്കളുടെ പരിചാരകർ.
കാൽനൂറ്റാണ്ട് മുമ്പ് പലരിൽ നിന്നായി ഏക്കർ കണക്കിന് പാടശേഖരം വാങ്ങി നികത്തിയ ഭൂമാഫിയ രണ്ട് ഏക്കറോളം സ്ഥലത്ത് മണ്ണടിച്ചിരുന്നില്ല. ഇവിടെ വേനൽക്കാലത്തും വെള്ളം വറ്റാറില്ല. പാടശേഖരം നികത്തി പ്ലോട്ടുകളാക്കിയെങ്കിലും സീപോർട്ട്-എയർപോർട്ട് റോഡിന്റെ അലൈൻമെന്റ് ഇതിലൂടെയാണെന്ന് വ്യക്തമായതോടെ വിൽപന നടന്നില്ല. വാങ്ങിയവരും കെട്ടിടം പണിതില്ല. ഇതോടെ മണ്ണടിച്ച ഭൂമി ടൗൺഷിപ് ഗ്രൗണ്ടായി മാറി. ആയിരങ്ങൾ കാണികളായെത്തുന്ന സംസ്ഥാന ഫുട്ബാൾ മേളയുൾപ്പെടെ നടക്കുന്ന ഗ്രൗണ്ടാണിത്. ഗ്രൗണ്ടിനോട് ചേർന്ന് മണ്ണടിക്കാതെ ഭൂവുടമ ഒഴിവാക്കിയിട്ടിരുന്ന സ്ഥലത്ത് മൂന്ന് അടിയോളം വെള്ളം എപ്പോഴുമുണ്ടാകും. കടുത്ത വേനലിൽ വെള്ളം വറ്റിച്ച് നാട്ടുകാർ മീൻ പിടിക്കലുണ്ട്. മാസങ്ങൾക്ക് മുമ്പ് വെള്ളം വറ്റിച്ച് മീൻ പിടിച്ച ശേഷമാണ് തണ്ടുകൾ നിക്ഷേപിച്ചത്. അത് തടാകമാകെ പടർന്ന് പിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.