ശിവരാത്രി വ്യാപാരമേളക്ക് വിപുല സൗകര്യങ്ങൾ
text_fieldsആലുവ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിവരാത്രി വ്യാപാരമേളക്ക് വിപുല സൗകര്യങ്ങളൊരുക്കും. ഒരു മാസത്തെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്താൻ ചേർന്ന സർക്കാര്‍ വകുപ്പ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ശിവരാത്രി ആഘോഷം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾക്ക് രൂപം നൽകി.
ഗതാഗതത്തിന് തടസ്സം വരാത്ത രീതിയില്‍ താൽക്കാലിക സ്റ്റാളുകൾക്ക് അനുവാദം നൽകും. താലൂക്ക് സപ്ലൈ ഓഫിസ്, ലീഗല്‍ മെട്രോളജി എന്നിവരുടെ പ്രത്യേക സ്ക്വാഡുകള്‍ നിരീക്ഷണവും പരിശോധനയും നടത്തും. നടപ്പാലം വന്നതിനെ തുടർന്ന് കനാല്‍ ഓഫിസിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും അപൂർവമായി വഞ്ചികളും മറ്റും എത്തിച്ചേരാനുള്ള സാധ്യത കണക്കിലെടുത്ത് കനാല്‍ ഓഫിസറുടെയും രണ്ട് അസിസ്റ്റൻഡുമാരുടെയും സേവനം മണപ്പുറത്ത് ലഭ്യമാക്കും.
കെ.എസ്.ആര്.ടി.സിയുടെ 213 ബസുകള്‍ വിവിധ ഡിപ്പോകളില്‍ നിന്നായി സർവിസുകള്‍ നടത്തും. താൽക്കാലിക സ്റ്റേഷന് മാസ്റ്റര്‍ ഓഫിസും, വർക്ക്ഷോപ്പും മണപ്പുറത്ത് സജ്ജീകരിക്കും. യോഗത്തില്‍ ചെയർമാന് എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. തഹസിൽദാര്‍ സുനില്‍ മാത്യു, ഡെപ്യൂട്ടി ചെയർപേഴ്സൻ സൈജി ജോളി, മുനിസിപ്പല്‍ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, എസ്.എച്ച്.ഒ അനില്‍ കുമാര്‍, ജല അതോറിറ്റി അസി. എക്സി. എൻജിനീയര്‍ ബി. പ്രിയദർശിനി തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.