നഗരസഭയുടെ പിടിവാശി; മാർക്കറ്റിലെ മത്സ്യതൊഴിലാളികൾക്ക് ഐസ് കിട്ടാനില്ല
text_fieldsആലുവ: മാർക്കറ്റിൽ ചില്ലറ മത്സ്യവിൽപന തൊഴിലാളികൾക്ക് ഐസ് ലഭ്യമല്ല. രണ്ടു മാസക്കാലമായി ചില്ലറ വിൽപന നടത്തിയിരുന്ന ഐസ് വിൽപന നിർത്തിവെച്ചിരിക്കുകയാണ്. നഗരസഭയുടെ പിടിവാശി മൂലമാണ് ഐസ് വിൽപന നിലച്ചതെന്ന് ഓൾ കേരള മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി ആരോപിക്കുന്നു.
മാർക്കറ്റിൽ നടന്നിരുന്ന ഐസ് വിൽപന, മാർക്കറ്റിൽനിന്ന് മത്സ്യം വാങ്ങി ടൂവീലറിലും സൈക്കിളിലും തലച്ചുമടുമായി കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് ഒരു സഹായകേന്ദ്രം ആയിരുന്നു. ഒരു ബ്ലോക്ക് ഐസ് വിൽക്കുന്നതിന് അഞ്ചുരൂപയാണ് കമീഷനായി നഗരസഭ ഈടാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു ബ്ലോക്ക് ഐസ് വിൽക്കണമെങ്കിൽ 20 രൂപ കമീഷൻ കൊടുക്കണമെന്നാണ് നഗരസഭ പറയുന്നതത്രെ.
70 രൂപ വിലയുള്ള ഒരു ഐസ് ക്യൂബിന് 20 രൂപ കൊടുത്താൽ ഈ ഇടപാട് നടത്തുന്ന ആൾക്ക് കൂലി ചെലവ് പോലുംകിട്ടില്ല. അതിനാൽ തന്നെ നഷ്ടം വരാതിരിക്കാൻ ഐസ് വിൽപന നിർത്തിയിരിക്കുകയാണ്.
എന്നാൽ, വലിയ തോതിലുള്ള മത്സ്യകച്ചവടം, കായ, കോഴി തുടങ്ങിയ കച്ചവടങ്ങൾക്കെല്ലാം കുറഞ്ഞ കമീഷനാണ് ഈടാക്കുന്നതത്രെ. ഐസ് വിൽപനയുടെ കമീഷൻ കുറക്കാൻ നഗരസഭ തയാറാകണമെന്ന് ഓൾ കേരള മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.