സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കൾ അർഹർക്ക് യഥാസമയം നൽകുന്നില്ല -കേന്ദ്രമന്ത്രി
text_fieldsആലുവ: സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കൾ അർഹരായവർക്ക് യഥാസമയം നൽകുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പ്രധാനമന്ത്രി ഗരീബ് അന്ന കല്യാൺ യോജന പദ്ധതി പ്രകാരം നൽകുന്ന ഭക്ഷ്യവസ്തുക്കളാണ് അർഹരായവർക്ക് ലഭിക്കാതെ പോകുന്നത്. കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം ഹരിജൻ കോളനി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന ഭക്ഷ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടോയെന്നും അന്വേഷിച്ച് ശക്തമായ നടപടിയെടുക്കണം.
പാവപ്പെട്ടവർക്കായുള്ള പദ്ധതി അട്ടിമറിക്കപ്പെട്ടതിൽ സംസ്ഥാന സർക്കാർ മറുപടി പറയണം. ഒരാൾക്ക് പ്രതിമാസം അഞ്ച് കിലോ അരി വീതം കേന്ദ്രം അനുവദിക്കുന്നുണ്ട്. കോവിഡ് കാരണം പദ്ധതി സെപ്റ്റംബർ വരെ നീട്ടി. രണ്ടാം ഘട്ടം കേരളത്തിൽ ശരിയായ രീതിയിൽ അല്ലെന്നത് നിർഭാഗ്യകരമാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് റേഷൻ ഇരട്ടിയാക്കിയിട്ടും അർഹരായവർക്ക് ഗുണം ലഭിക്കുന്നില്ല. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണം. സൗജന്യ ഗാർഹിക സിലണ്ടർ കിട്ടേണ്ടവർക്കും ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.