ഹൃദ്രോഗികൾക്ക് കൂടുതൽ സഹായ പദ്ധതികൾക്ക് തുടക്കമിട്ട് മമ്മൂട്ടി
text_fieldsആലുവ: നിർധനരായ ഹൃദ്രോഗികൾക്ക് കൂടുതൽ സഹായ പദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. ചെലവേറിയ ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം പദ്ധതി വഴി സൗജന്യമായി ലഭ്യമാക്കുന്നത്.
ശസ്ത്രക്രിയക്ക് അർഹരായ നൂറുപേർക്ക് സൗജന്യമായി നടത്തിക്കൊടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും മമ്മൂട്ടിയും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു.
രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ശിവ് കെ. നായരുടെ നേതൃത്വത്തിൽ സൗജന്യ ഹൃദയ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തും. ഫൗണ്ടേഷന്റെ 12ാം വാർഷികം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ വിശദീകരിച്ചു. 14,000 ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡോ. ശിവ് കെ. നായരെ മമ്മൂട്ടി ആദരിച്ചു. രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. വിജു ജേക്കബ്, മാനേജിങ് ട്രസ്റ്റി റോയ് എം. മാത്യു, ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, ഡയറക്ടർ സി.എ. മോഹൻ, ബോർഡ് ഓഫ് ഡയറക്ടർ റോബർട്ട് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. ഹൃദ്യം പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8590965542.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.