നോട്ട് നിരോധനം മുതൽ കോവിഡുവരെ; കരകയറാതെ വസ്ത്ര വ്യാപാര മേഖല
text_fieldsആലുവ: ചുറ്റുവട്ടത്തുള്ള എറണാകുളം, അങ്കമാലി, പെരുമ്പാവൂർ, പറവൂർ പട്ടണങ്ങളിൽ വസ്ത്ര വ്യാപാരം വേരുപിടിച്ചതോടൊപ്പം ആലുവയിലെ വസ്ത്ര വ്യാപാര മേഖലയിലും ഉണർവ് വന്നിരുന്നു. ചെറുതും വലുതുമായ അനേകം സ്ഥാപനങ്ങൾ നഗരത്തിൽ വന്നു. മുൻനിര ബ്രാൻഡുകളുടെ ഷോറൂമുകളും ആലുവയിലെത്തി. മികച്ച രീതിയിൽ വ്യാപാര മേഖല മുന്നേറുന്നതിനിടയാണ് നോട്ട് നിരോധനമുണ്ടായത്. ഇതുണ്ടാക്കിയ ആഘാതത്തിൽനിന്ന് തിരിച്ചു വരുമ്പോഴാണ് ജി.എസ്.ടിയുടെ കടന്നുവരവ്.
മനുഷ്യനിർമിതമായ രണ്ട് ദുരന്തത്തിൽ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുന്നതിനിടയാണ് നഗരത്തിലെ വലിയൊരു വിഭാഗം കച്ചവടക്കാരെ വേരോടെ പിഴുതുമാറ്റിയ 2018ലെ മഹാപ്രളയം കടന്നു വന്നത്. ഇതിെൻറ ദുരിതം കൂടുതൽ അനുഭവിച്ചതും വസ്ത്രവ്യാപാരികൾ തന്നെ. ഓണം, പെരുന്നാൾ എന്നിവ പടിവാതിൽക്കലിൽ എത്തിയപ്പോഴായിരുന്നു ആലുവയെ മുക്കി പെരിയാർ താണ്ഡവമാടിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. വലിയൊരു തുക ബാങ്ക് വായ്പയായി എടുത്തവയാണ്. കടകളിലുണ്ടായ നഷ്ടത്തിനൊപ്പം, വീടുകളിലും ഒരുപോലെ നഷ്ടമുണ്ടായവരും അനവധിയുണ്ട്. ഇതോടെ ചിലർ കച്ചവടം അവസാനിപ്പിച്ച് കൂലിവേലക്കിറങ്ങി.
ഒരിക്കൽ കൂടി പരീക്ഷണത്തിനായി ചിലർ വീണ്ടും രംഗത്തെത്തി. ആഴ്ചകൾക്കൊടുവിൽ സ്വന്തം ചെലവിൽ കടകൾ വൃത്തിയാക്കി വീണ്ടും ഒന്നിൽനിന്ന് തുടങ്ങുകയായിരുന്നു അവർ. ആലുവ വ്യാപാരി ഏകോപന സമിതിയുടെ സഹായം ഒഴിച്ചാൽ, മറ്റൊരു സഹായവും പ്രളയത്തിൽ തകർന്ന തങ്ങൾക്ക് ലഭിച്ചില്ലെന്ന് വസ്ത്ര വ്യാപാര സംഘടനയുടെ മേഖല പ്രസിഡൻറ് എം.കെ. അബ്്ദുൽ ഗഫൂർ പറഞ്ഞു. വീണ്ടും ലോണിനു മുകളിൽ ലോണും പലിശക്കും കെട്ടുതാലി വിറ്റും കച്ചവടം തുടരുമ്പോഴാണ് കോവിഡ് മഹാമാരി വരുന്നതും 2020ൽ രണ്ട് മാസത്തോളം ലോക്ഡൗണായി കടകൾ അടച്ചിടേണ്ടി വന്നതും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണങ്ങൾ കഴിഞ്ഞപ്പോൾ ആലുവ നഗരസഭ പ്രത്യേകമായി, ഒരു മാസം കൂടി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് മാസം ആലുവയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നു. ഫലത്തിൽ ഒരു വർഷം പൂർണമായും നഷ്്ടമായ അവസ്ഥയായിരുന്നു. വസ്ത്രവ്യാപാര രംഗത്തെ ഏറ്റവും വലിയ സീസണായ ഓണവും റമദാനും
വിഷുവും കഴിഞ്ഞ വർഷവും അപ്രതീക്ഷിതമായി 2021ലും നഷ്ടമായി. കച്ചവടം തീരെ മോശമായിരുന്നിട്ടും കഴിഞ്ഞ വർഷം കടവാടകയ്ക്കും വിവിധ നികുതികൾക്കും ഒരു കുറവും ഉണ്ടായില്ല. കൂടാതെ ജോലിക്കാരുടെ, ദയനീയതക്ക് മുന്നിൽ പിരിച്ചുവിടാനാകാതെ, ആവശ്യത്തിലധികം ജീവനക്കാരെ നിലനിർത്തി അവരുടെ അധികഭാരവും വ്യാപാരികൾ വഹിക്കേണ്ടി വരുന്നു. പലപ്പോഴും ജോലിക്കാർക്ക് നൽകുന്ന ശബളം പോലും ഏറ്റവും കൂടുതലുള്ള ചെറുകിട വസ്ത്രവ്യാപാരിക്കും ലഭിക്കാതെയായി. വൻകിടക്കാർക്ക് അവരുടേതായ പ്രശ്നങ്ങളും. അതിനാൽ സർക്കാർ നിർബന്ധമായും തങ്ങളുടെ വിഷയത്തിൽ ഇടപെടണമെന്ന് വസ്ത്ര വ്യാപാര സംഘടന മേഖല പ്രസിഡൻറ് എം.കെ. അബ്്ദുൽ ഗഫൂർ ആവശ്യപ്പെട്ടു. അടച്ചിട്ട കാലത്തെ പൂർണമായ വാടകയും തൊഴിൽ നികുതിയും ഉൾപ്പെടെയുള്ളവ മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കണം. ഒരു വർഷത്തേക്കെങ്കിലും വാടകയിനത്തിൽ ഇളവ് നൽകാൻ കെട്ടിട ഉടമകൾക്കും നഗരസഭ അധികൃതർക്കും സർക്കാർ നിർദേശം നൽകണം. ബാങ്ക് വായ്പക്ക് ഒരു വർഷത്തേക്ക് പലിശ ഒഴിവാക്കുകയും ചെറുകിട വ്യപാരികൾക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും വേണമെന്നും വ്യാപാരികൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.