ട്രെയിനിൽ കഞ്ചാവ് കടത്തിയ കേസ്; പ്രതിയായ മകനെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ പിടിയിൽ
text_fieldsആലുവ: ട്രെയിനിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ പിടിയിൽ. ട്രെയിനിൽ കൊണ്ടുവരികയായിരുന്ന 28 കിലോ കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് മുഖ്യ പ്രതിയടക്കം നാല് പേരെ അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതിയായ കുന്നത്തുനാട് വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ നവീൻ (21), ഇയാളുടെ അച്ഛനും തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനുമായ സാജൻ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കൽ വീട്ടിൽ ആൻസ് (22), പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഞ്ചാവ് കൊണ്ടു വന്ന ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക് ദോൽ പ്രധാൻ, ശർമ്മാനന്ദ് പ്രധാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. നവീന് വേണ്ടിയാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിലെ പ്രതിയാണ്.
സംഭവശേഷം വിദേശത്തേക്ക് കടന്ന നവിനെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയാണെന്നറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും വിദേശത്തക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജനെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് സംഘവുമായി അടുത്ത ബന്ധം പുലർത്തുകയും ഒളിത്താവളങ്ങളും വാഹനവും ഒരുക്കി നൽകിയതിനാണ് ആൻസ്, ബേസിൽ തോമസ് എന്നിവരെ പിടികൂടിയത്. പിടികൂടിയവരിൽനിന്ന് വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തിട്ടുണ്ട്.
റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.