മെട്രോ സൗന്ദര്യവൽക്കരണ പ്രദേശത്ത് പൂന്തോട്ടങ്ങൾ ഇല്ലാതാകുന്നു; മാലിന്യം നിറയുന്നു
text_fieldsആലുവ: മെട്രോ സൗന്ദര്യവൽക്കരണ പ്രദേശം നാശത്തിന്‍റെ വക്കിൽ. ആലുവ മെട്രോ സ്‌റ്റേഷൻ മുതൽ പുളിഞ്ചോട് കവല വരെയുള്ള ദേശീയപാത ബൈപാസ് റോഡിൽ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണമാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
സൗന്ദര്യവൽകരണത്തിൻറെ ഭാഗമായി തയാറാക്കിയ പൂന്തോട്ടങ്ങളും പുൽത്തകിടികളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പകരം ഈ ഭാഗങ്ങളിൽ മാലിന്യം നിറഞ്ഞുകൊണ്ടിരിക്കുന്നു. കോടികണക്കിന് രൂപയാണ് ഇതുവഴി കൊച്ചി മെട്രോക്ക് നഷ്ടമാകുന്നത്.
അധികൃതരുടെ അശ്രദ്ധയാണ് പദ്ധതി നാശത്തിലേക്ക് പോകുന്നതിന് കാരണമാകുന്നത്. മാലിന്യ പ്രശ്‌നങ്ങൾക്ക് പുറമെ അനധികൃത പാർക്കിങ്, കൈയ്യേറ്റങ്ങൾ, കാലികൾ തുടങ്ങിയവയും പ്രശ്‌നമാകുന്നുണ്ട്. ബൈപാസ് മേൽപ്പാലത്തിന് കീഴിൽ മാർക്കറ്റ് പ്രദേശത്തെ പ്രധാന സൗന്ദര്യവൽക്കരണ പ്രദേശമാണ് നശിക്കുന്നത്.
വാക്ക് വേ, സൈക്കിൾ പാത, പൂന്തോട്ടം, പാർക്കിങ് ഏരിയകൾ എന്നിവയാണ് ഇവിടെയുള്ളത്. സർവീസ് റോഡുകൾക്ക് ഇരുവശവും മേൽപ്പാലത്തിന് താഴെയുമായാണ് മനോഹരമാക്കിയിരുന്നത്. നിലവിൽ പലഭാഗത്തും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. വലിയ ചാക്കുകളിൽ കെട്ടിവരെ ഇവിടെ മാലിന്യം തള്ളുന്നുണ്ട്.
നഗരസഭയുടെ മാലിന്യങ്ങളും ഇവിടെ കൊണ്ടിടുന്നതായും ആക്ഷേപമുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തിൽ നഗരസഭക്ക് അനക്കമില്ല. നാട്ടുകാർ പലതവണ പരാതികൾ പറഞ്ഞിട്ടും അധികൃതർ നടപടികളെടുക്കുന്നില്ല. പതിവായി മാലിന്യം തള്ളുന്ന ഭാഗങ്ങളിൽ ഇതിനെതിരെ ബോർഡുകൾ വെച്ചതല്ലാതെ നിയമ നടപടികളിലേക്ക് കടക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഇതാണ് പ്രതിസന്ധിയാകുന്നത്.
പൂക്കളുടെ സൗന്ദര്യവും സുഗന്ധവും ആസ്വദിക്കാൻ കഴിയുമായിരുന്ന ഭാഗങ്ങളിൽ ഇപ്പോൾ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധമാണ് നിറയുന്നത്. മൂക്കുപൊത്തിയാൽ പോലും ഇതുവഴി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മേൽപ്പാലത്തിന് കീഴിൽ പ്രധാനമായും പാർക്കിങ് ഏരിയകളാണ് തയാറാക്കിയിട്ടുള്ളത്.
എന്നാൽ, സൗന്ദര്യവൽക്കരണ പ്രദേശം വലുതും ചെറുതുമായ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഏരിയയായി മാറിയിട്ടുണ്ട്. വലിയ ലോറികളാണ് ഇതിൽ കൂടുതൽ ദുരിതമാകുന്നത്. ഇവരടക്കം പുൽത്തകിടികൾ, നടപ്പാതകൾ തുടങ്ങിയവ കൈയ്യേറിയും വാഹനങ്ങൾ ഇടുന്നുണ്ട്. ഇതുമൂലം പുല്ലും ചെടികളും വ്യാപകമായി നശിച്ചിട്ടുണ്ട്.
വാക്‌വേകളിലേക്ക് വാഹനങ്ങൾ കയറാതിരിക്കാനുള്ള കുറ്റികളും ഈ വാഹനങ്ങൾ തകർക്കുന്നുണ്ട്. വശങ്ങളിൽ സ്‌ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് കട്ടകളും നശിക്കുകയാണ്. കാലികളുടെ ശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. ആലുവ നഗരസഭയുടെ അനാസ്‌ഥയാണ് നഗരത്തിനും മെട്രോ അധികൃതർക്കും വലിയ നഷ്‌ടം വരുത്തിവച്ചിരിക്കുന്നത്. നഗരസഭക്കു കൂടി വേണ്ടിയാണ് എട്ട് കോടിയോളം രൂപ ചിലവഴിച്ച് മെട്രോ സൗന്ദര്യവൽക്കരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.