ഗ്രൂപ്പ് പോര്; ആലുവയിൽ രണ്ട് സി.പി.എം ലോക്കൽ സമ്മേളനങ്ങൾ മുടങ്ങി
text_fieldsആലുവ: മേഖലയിൽ സി.പി.എം ഗ്രൂപ്പ് പോര് ശക്തമായി. ബ്രാഞ്ച് സമ്മേളനങ്ങളോടെ ആരംഭിച്ച പോര് ലോക്കൽ സമ്മേളനങ്ങളിൽ ശക്തമായിരിക്കുകയാണ്. ഇതുമൂലം സമ്മേളനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നേതൃത്വം കഷ്ടപ്പെടുന്നു.
ആലുവ ഏരിയയിലെ രണ്ട് ലോക്കൽ സമ്മളനങ്ങളാണ് ഗ്രൂപ്പ് പോര് മൂലം നിർത്തിവെക്കേണ്ടി വന്നത്. കടുങ്ങല്ലൂർ വെസ്റ്റ്, എടത്തല വെസ്റ്റ് ലോക്കൽ സമ്മേളനങ്ങളാണ് ഭാഗികമായി മുടങ്ങിയത്. വി.എസ് - പിണറായി പക്ഷങ്ങൾ തമ്മിൽ ശക്തമായ പോര് നടന്നിരുന്ന ഏരിയയാണ് ആലുവ.
വി.എസിൻെറ കോട്ട മറുവിഭാഗം പിടിച്ചെടുത്ത ശേഷം വി.എസ് വിഭാഗത്തെ ശക്തമായി അടിച്ചമർത്തുകയായിരുന്നു. അതിനാൽ തന്നെ ഇരുവരും തമ്മിലെ പോര് നിലച്ചിരുന്നു.
എന്നാൽ, നിലവിൽ സി.പി.എമ്മിൽ പ്രാദേശികമായി രൂപപ്പെട്ട ഗ്രൂപ്പുകൾ തമ്മിലാണ് പോര്. ഏരിയ സമ്മേളനം ഒക്ടോബർ 23, 24, 25 തീയതികളിൽ എടത്തലയിൽ നടക്കാനിരിക്കെയാണ് ആതിഥേയത്വം വഹിക്കുന്ന ലോക്കൽ കമ്മിറ്റിയുടേത് ഉൾപ്പെടെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ നിർത്തേണ്ടി വന്നത്.
രണ്ടിടത്തും ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നമായത്. എടത്തല വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട മൂന്ന് പേരിൽ രണ്ടുപേർ വീണ്ടും മത്സരത്തിന് സന്നദ്ധമായതാണ് പ്രശ്‌നം. ജില്ല കമ്മിറ്റിയിൽനിന്നും പങ്കെടുത്തവർ സമവായത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
വോട്ടെടുപ്പ് ഒഴിവാക്കണമെന്ന ജില്ല കമ്മിറ്റി നിർദേശത്തെ തുടർന്ന് സമ്മേളനം പിരിച്ചുവിടുകയായിരുന്നു. കടുങ്ങല്ലൂർ വെസ്റ്റിലും സമാന സാഹചര്യമായിരുന്നു.
കമ്മിറ്റിയിൽനിന്നും മൂന്ന് പേരെയാണ് ഒഴിവാക്കിയത്. ഇതിൽ ഒരാളെ സമ്മേളന പ്രതിനിധികൾ നിർദേശിക്കുകയും ഇയാൾ മത്സരരംഗത്ത് ഉറച്ചുനിൽക്കുകയും ചെയ്‌തോടെ ഈ സമ്മേളനവും മുടങ്ങി. ഏഴ് ലോക്കൽ കമ്മിറ്റികളിൽ അഞ്ചിടത്തെ സമ്മേളനം തർക്കങ്ങളില്ലാതെയാണ് പൂർത്തിയായത്.
ചൂർണിക്കര സമ്മേളനത്തിൽ കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സാധ്യതയിലേക്ക് നീങ്ങിയെങ്കിലും ജില്ല നേതൃത്വം ഇടപെട്ട് അവസാനനിമിഷം ഒഴിവാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.