തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകൽ: പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ
text_fieldsആലുവ: ദേശീയപാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പ് വീട്ടിൽ അൻഷാദിനെയാണ് (30) അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഉൾപ്പെടെ അഞ്ചുപേർക്കായി ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണവും പിടിച്ചുപറിയുമുൾപ്പെടെ 32 കേസുകളിലെ പ്രതിയാണ്. സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി പറവൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പ്രധാന പ്രതിയായ മനാഫിന്‍റെ സഹായിയാണ് ഇയാൾ. ക്വട്ടേഷൻ കൊടുത്ത മുജീബ് ഉൾപ്പെടെ ഏഴുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ചുവിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം. മാർച്ച് 31ന് പുലർച്ച കമ്പനിപ്പടി ഭാഗത്തുവെച്ചാണ് സംഭവം. ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദിച്ചശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കിവിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നുകളയുകയായിരുന്നു. വാഹനങ്ങളും ഹാൻസും നേരത്തേ കണ്ടെടുത്തു. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എസ്. ഷമീർ, വി.എൽ. ആനന്ദ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, കെ. അയൂബ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.