കനത്ത മഴയിൽ ആലുവ മുങ്ങി
text_fieldsആലുവ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ ആലുവ മുങ്ങി. ആറു മണിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളം നീണ്ടു. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. മാർക്കറ്റ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് - അൻവർ ആശുപത്രി റോഡ്, ബാങ്ക് കവല -കടത്തുകടവ് റോഡ്, ബ്രിഡ്ജ് റോഡ്, മാർക്കറ്റ് ഭാഗത്തെ ബൈപാസ് അടിപാതകൾ, എറണാകുളം റോഡ്, കെ.എസ്.ആർ.ടി.സി പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ടുണ്ടായത്.
മാർക്കറ്റ് റോഡിൽ ബാങ്ക് കവലയിലും പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്തും റോഡ് പൂർണമായും വെള്ളത്തിനടിയിലായി. റോഡ് കരകവിഞ്ഞ് കടകളിലേക്ക് വെള്ളം തള്ളിക്കയറി. ഇതോടെ കടകളിലെ സാധനങ്ങൾ നശിച്ചു. ചെരിപ്പ്, ബാഗ്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലാണ് കൂടുതൽ നഷ്ടമുണ്ടായത്. ചെരിപ്പ്, ബാഗ് കടകളിൽ സ്കൂൾ വിപണിയുമായി ബന്ധപ്പെട്ട് ധാരാളം സാധനങ്ങൾ സ്റ്റോക്കുണ്ട്. ഇവയിലധികവും നിലത്താണ് കിടന്നിരുന്നത്. അതിനാൽ തന്നെ ഇതെല്ലാം നശിച്ചുപോയി. റോഡുകൾ വെള്ളത്തിനടിയിലായതോടെ യാത്രക്കാരും ദുരിതത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.