അതിവേഗ റെയിൽവേയും സീ പോർട്ട് റോഡും; 21 വർഷമായി ആശങ്കയുടെ ട്രാക്കിൽ നാട്ടുകാർ
text_fieldsആലുവ: അതിവേഗ റെയിൽവേ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ആശങ്കയുടെ ട്രാക്കിലായിരിക്കുകയാണ് ആലുവ മേഖലയിലെ ഗ്രാമീണർ. നാല് മണിക്കൂർ കൊണ്ട് കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരാവുന്ന നിർദിഷ്ട അതിവേഗ റെയിൽപാത മേഖലയിലെ വിവിധ ഗ്രാമങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനായി ആലുവ ഈസ്റ്റ്, ചൊവ്വര, കീഴ്മാട്, നെടുമ്പാശേരി, പാറക്കടവ്, വില്ലേജുകളിലായാണ് ഭൂമി വേണ്ടിവരിക. ഈ പ്രദേശങ്ങളിൽ നിരവധി ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. പലരുടെയും ഉപജീവന മാർഗമായ കൃഷി ഭൂമികളും ഇതിൽപ്പെടും. ചെറുകിട വ്യാപാര സ്ഥാപനങ്ങളടക്കുള്ള വരുമാന മാർഗങ്ങളും നഷ്ടമാകാനിടയുണ്ട്. അതിനാൽ തന്നെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാനിരിക്കെ ജനങ്ങളിൽ ആശങ്ക വർധിക്കുകയാണ്.
കഴിഞ്ഞ 21 വർഷമായി ജനങ്ങളെ ആശങ്കയിലാക്കി സീ പോർട്ട് - എയർപോർട്ട് റോഡും ഇതേ വില്ലേജുകളിലൂടെയാണ് കടന്നുപോകുന്നത്. സീപോർട്ട് - എയർപോർട്ട് റോഡിൻറെ അലൈൻമെൻറ് വർഷങ്ങൾക്ക് മുമ്പ് നടന്നെങ്കിലും ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ടില്ല. ഇത് അനിശ്ചിതമായി വൈകിയത് ജനങ്ങളെ കടുത്ത നിരാശയിലാക്കിയിരുന്നു. അടുത്തിടെയാണ് ഭൂമി ഏറ്റെടുക്കാൻ ചർച്ചകൾ പോലും ആരംഭിച്ചത്. ഇക്കാലമത്രയും അലൈൻമെന്‍റ് ഭാഗത്തെ ഭൂമി വിൽപ്പന പോലും നടന്നില്ല.
മക്കളുടെ വിവാഹാവശ്യത്തിനും വീട് നിർമിക്കുന്നതിനുമൊക്കെ ഭൂമി വിൽക്കാനുള്ള ഭൂവുടമകളുടെ സ്വപ്നവും വെറുതെയായി. നിരവധി വീടുകളും പുരയിടങ്ങളും കൃഷി ഭൂമികളും ഈ റോഡ് പദ്ധതിയുടെ അലൈൻമെൻറിൽ വരും. ഇതിനിടെയാണ് അതിവേഗ പാതക്ക് ഇതേ വില്ലേജുകളിലൂടെ ഭൂമി ഏറ്റെടുക്കാൻ പോകുന്നത്. ഇതാണ് ആശങ്ക ഇരട്ടിപ്പിക്കുന്നത്.
നിർദിഷ്ട എയർപോർട്ട് റോഡിന് സമാന്തരമായി അതേ ഭൂമിയിലൂടെ തന്നെ ആകാശ റെയിൽപ്പാത നിർമിക്കാനുള്ള നീക്കം തങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.