ഇബ്രാഹിം യാത്രയായി; കൃഷിയെ സ്നേഹിച്ച് കൊതിതീരാതെ
text_fieldsആലുവ: കൃഷിയെ സ്നേഹിച്ച് കൊതിതീരാതെ ഇബ്രാഹിം യാത്രയായി. 82ാം വയസ്സിലും കൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആലുവ ചാലക്കൽ ഞാറ്റുവീട്ടിൽ ഇബ്രാഹീമാണ് കോവിഡ് ബാധിച്ച് മരിച്ചത്. 25 വർഷമായി ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ സജീവമായി കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അദ്ദേഹം കോവിഡിന് മുമ്പിൽ കീഴടങ്ങുകയായിരുന്നു.
കീഴ്മാട് പഞ്ചായത്തിലെ പെരിയാർ പോട്ടറീസിൽ സൂപ്പർവൈസറായിരുന്ന ഇബ്രാഹിം '94ൽ വിരമിച്ചതിന് ശേഷമാണ് കൃഷിയിൽ സജീവമായത്. അന്നുമുതൽ രോഗം തളർത്തുന്നതുവരെ കൃഷിയിൽ സന്തുഷ്ടനായിരുന്നു ഇബ്രാഹിം. പാട്ടത്തിനെടുത്താണ് ഇബ്രാഹിം പ്രധാനമായും കൃഷി നടത്തിയിരുന്നത്. കപ്പ, വാഴ, ചീര, വെണ്ട, പയർ, പൊട്ടുവെള്ളരി, വെള്ളരി, ചോളം, മത്തൻ എന്നിവയെല്ലാം കൃഷി ചെയ്തിരുന്നു.
ഏത്തക്കായും പച്ചക്കറികളും മാറമ്പള്ളിയിലെയും കുട്ടമശ്ശേരിയിലേയും കടകളിലായിരുന്നു കൊടുത്തിരുന്നത്. ദാറുസ്സലാം സ്കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിലേക്കും പച്ചക്കറി നൽകാറുണ്ടായിരുന്നു. 2016-17 വർഷത്തിലെ മികച്ച സമ്മിശ്ര കർഷകനുള്ള കീഴ്മാട് കൃഷിഭവെൻറ അവാർഡ് ലഭിച്ചിട്ടുണ്ട്. ചാലക്കൽ ദാറുസ്സലാം സ്കൂളും മികച്ച കർഷകനായ ഇബ്രഹിമിനെ ആദരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.