പൊലീസിന് തലവേദനയായി ആലുവയിലെ അനധികൃത താമസക്കാർ
text_fieldsആലുവ: ഇതര സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള കുറ്റവാളികളുടെ അനധികൃത താമസം പൊലീസിന് തലവേദനയാകുന്നു. ഒരു രേഖയുമില്ലാതെയും പശ്ചാത്തലം അന്വേഷിക്കാതെയും ഷെഡുകളും കെട്ടിടങ്ങളും വാടകക്ക് നൽകി പണം കൊയ്യുന്ന പ്രവണത പലപ്പോഴും കുറ്റവാളികൾക്ക് സുരക്ഷിത താവളം ഒരുക്കുകയാണ്.
താമസിക്കുന്നവരുടെ തലയെണ്ണിയാണ് കെട്ടിട ഉടമകൾ പണം ഈടാക്കുന്നത്. അതിനാൽ സൗകര്യം കുറഞ്ഞ സ്ഥലത്ത് കൂടുതൽ താമസക്കാരെ കുത്തിനിറക്കാനാണ് ശ്രമം. ആരാണ് താമസിക്കുന്നതെന്നത് വിഷയമല്ല. കുറഞ്ഞ ചെലവിൽ തൊഴിലാളികളെ ലഭിക്കുമെന്നതിനാൽ തൊഴിലുടമകളും ഇതിനുനേരെ കണ്ണടക്കുന്നു.
എടയപ്പുറം ചാത്തൻപുറത്ത് എട്ടു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ പ്രതി ക്രിസ്റ്റിൻ രാജിന്റെ പ്രധാന സഹായികൾ ഈ ഭാഗത്തുതന്നെ താമസിക്കുന്ന അന്തർ സംസ്ഥാനക്കാരാണ്. തൊഴിലാളികളെന്ന പേരിൽ വാടകക്ക് താമസിക്കുന്ന ഇവരുടെ പ്രധാന വരുമാന മാർഗം ക്രിസ്റ്റിൻ രാജ് മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വിറ്റുകൊടുക്കുമ്പോൾ ലഭിക്കുന്ന കമീഷനാണ്. ഇവരുടെ താമസ സ്ഥലത്ത് ക്രിസ്റ്റിൻ രാജും പലപ്പോഴും തങ്ങിയിരുന്നു. അങ്ങനെയാണ് കുട്ടിയെ പീഡിപ്പിക്കാൻ പദ്ധതിയിട്ടതെന്നാണ് സൂചന.
ചാത്തൻപുറം റോഡിൽ ഇത്തരത്തിൽ അനധികൃതമായി ആളുകളെ പാർപ്പിക്കുന്ന നിരവധി കെട്ടിടങ്ങളുണ്ട്. ഇടുങ്ങിയ മുറികളിൽ അഞ്ചും പത്തും പേർ വരെയുണ്ടാകും. ഒരാൾക്ക് ദിവസം 100 രൂപ വീതം നൽകണം. 1000 ചതുരശ്ര അടിയുള്ള ഒറ്റവീട്ടിൽ 15 മുതൽ 20 പേർ വരെയുണ്ടാകും.
ഇവരിൽനിന്ന് വൻതുക കെട്ടിട ഉടമക്ക് ലഭിക്കും. സാധാരണ കുടുംബത്തിന് വാടകക്ക് നൽകിയാൽ പരമാവധി ഏഴായിരമോ എണ്ണായിരമോ ലഭിക്കുന്ന കെട്ടിടത്തിനാണ് പത്തിരട്ടി തുക കൂടുതൽ ഈടാക്കുന്നത്. തൊഴിലാളിയെന്ന വ്യാജേന മയക്കുമരുന്ന് ഇടപാടുകാരും മോഷ്ടാക്കളുമടക്കമുള്ളവർ അനധികൃതമായി തങ്ങുന്നതായി പൊലീസ് സംശയിക്കുന്നു.
ആലുവ മേഖലയിൽ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ തൊഴിലാളികളെ പാർപ്പിച്ച് പണം കൊയ്യുന്ന നിരവധി കെട്ടിട ഉടമകളുണ്ട്. തിരിച്ചറിയൽ രേഖകൾപോലും പരിശോധിക്കാതെ ഒരുമാസത്തെ വാടകമാത്രം മുൻകൂറായി വാങ്ങുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.