പരിശോധന കുറഞ്ഞു; മയക്കുമരുന്ന് കേന്ദ്രമായി ആലുവ റെയിൽവേ സ്റ്റേഷൻ
text_fieldsആലുവ: മയക്കുമരുന്ന് കേന്ദ്രമായി ആലുവ റെയിൽവേ സ്റ്റേഷൻ മാറുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്നുകൾ ട്രെയിൻ മാർഗം എത്തിക്കാൻ ലഹരി മാഫിയകൾ തെരഞ്ഞെടുക്കുന്നത് ഇവിടമാണ്. പരിശോധന കാര്യക്ഷമമായി നടക്കാത്തതാണ് മയക്കുമരുന്ന് കടത്തുകാർ ഇവിടം തെരഞ്ഞെടുക്കാൻ കാരണം. അന്തർ സംസ്ഥാന തൊഴിലാളികളും മലയാളികളായ യുവാക്കളുമടക്കമാണ് പ്രധാന കണ്ണികൾ.
മയക്കുമരുന്ന് മാഫിയ തഴച്ചുവളരുന്നത് നഗരത്തിലടക്കം കുറ്റകൃത്യങ്ങൾ വർധിക്കാനും കാരണമാകുന്നുണ്ട്. വർഷങ്ങൾ മുമ്പ് പൊലീസ് ആൻറി നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ ഇടക്കിടക്ക് പരിശോധന നടത്തുമായിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി വന്നിറങ്ങുന്ന പ്രധാന ട്രെയിനുകൾ വരുമ്പോൾ വ്യാപക തിരച്ചിലാണ് നടത്തിയിരുന്നത്. ആലുവ പൊലീസിന്റെ സഹകരണത്തോടെ നടത്താറുണ്ടായിരുന്ന ഇത്തരം പരിശോധനകളിൽ മയക്കുമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും പതിവായി പിടികൂടാറുണ്ടായിരുന്നു.
എന്നാൽ, ഏതാനും വർഷങ്ങളായി ഇത്തരം പരിശോധനകൾ അടക്കം മുടങ്ങിയിരിക്കുകയാണ്. എക്സൈസ് ഓഫിസുകൾ റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അവർ പരിശോധനകളിൽ പിന്നോട്ടാണ്. റെയിൽവേ സ്റ്റേഷൻവഴി കടത്താൻ ശ്രമിച്ച നിരവധി ലഹരി ഉൽപന്നങ്ങൾ പൊലീസും എക്സൈസും ആർ.പി.എഫും സമീപകാലത്ത് പിടികൂടിയിരുന്നു. ആന്ധ്രയിൽനിന്നും ഒഡിഷയിൽനിന്നുമെല്ലാം കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം എത്തിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘമാണ് ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.
ഇത്തരം കേസുകളിൽ നേരത്തേ സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന എസ്.ഐയുടെ മകൻവരെ പ്രതിയാണ്. ഒരു മാസത്തിനിടെ ആലുവയിൽനിന്ന് 20 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. പെരുമ്പാവൂർ, ആലുവ മേഖലകളിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാനക്കാർക്കിടയിലാണ് ലഹരി പദാർഥങ്ങളുടെ കച്ചവടം വ്യാപകമായി നടക്കുന്നത്. ആഗസ്റ്റ് നാലിന് എക്സൈസും ആർ.പി.എഫും ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി കൊല്ലം ചവറ സ്വദേശി സ്വാതികൃഷ്ണ പിടിയിലായിരുന്നു.
വിശാഖപട്ടണത്ത് നിന്നെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പത്താം തീയതി മൂന്ന് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി ഇസാക്ക കർജി എക്സൈസിന്റെ പിടിയിലായി. 28ന് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ്-ആർ.പി.എഫ് സംഘം നേത്രാവതി എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽനിന്ന് നാലര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഓണക്കാലത്ത് കച്ചവടത്തിനെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ കഴിഞ്ഞ 30ന് എക്സൈസിന്റെ പിടിയിലായിരുന്നു. ട്രെയിൻ മാർഗമെത്തിച്ച് പറവൂർ കവലയിൽവെച്ച് മറ്റ് ചിലർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഏഴിന് രാത്രി 14.340 ഗ്രാം ബ്രൗൺഷുഗറുമായി അസം സ്വദേശി അബ്ദുൽ ഹുസൈൻ എക്സൈസിന്റെ പിടിയിലാകുകയും ചെയ്തു. വിപണിയിൽ ഒരു ലക്ഷം രൂപ വരും പിടിച്ചെടുത്ത ബ്രൗൺ ഷുഗറിന്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 3.6 കിലോ കഞ്ചാവുമായി നാലുപേരെ ആലുവ പൊലീസ് റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.