ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ; പദ്ധതിക്ക് തുടക്കം
text_fieldsആലുവ: ഗ്രാമപഞ്ചായത്തുകൾ ഇൻറലിജൻറ് ഇ -ഗവേർണൻസ് സംവിധാനത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരം ചൂർണിക്കര ഗ്രാമപഞ്ചായത്തിലും ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെൻറ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) ആരംഭിച്ചു. കേരളത്തിലെ 150 ഗ്രാമപഞ്ചായത്തുകളിളാണ് സോഫ്റ്റ് വെയർ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
വിവര വിനിമയ സാങ്കേതിക വിദ്യയിലെ ആധുനിക സാങ്കേതങ്ങൾ ഉൾക്കൊള്ളിച്ച് ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയിൽ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചിട്ടുളള പുതിയ സോഫ്റ്റ് വെയർ സംവിധാനമാണ് ഐ.എൽ.ജി.എം.എസ്. ഗ്രാമപഞ്ചായത്തുകളിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമതയോടെയും സുതാര്യമായും ലഭ്യമാക്കുന്നതിനുള്ളതാണിത്.
ഗ്രാമപഞ്ചായത്തിൽ 200 ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും നിർദ്ദേശങ്ങളും, ഓൺലൈനായി ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാകുന്ന യൂസർ ലോഗിൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ കൈപ്പറ്റ് രസീതും, അപേക്ഷയോടൊപ്പം അടക്കുന്ന രസീതും, അപേക്ഷയിലെ അപാകം സംബന്ധിച്ച അറിയിപ്പുകളും ഓൺലൈനായി ലഭ്യമാക്കും.
അപാകം പരിഹരിച്ച് അപേക്ഷ ഓൺലൈനായി അയക്കാനും സൗകര്യമുണ്ട്. ഇനി മുതൽ ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ എല്ലാ സേവനങ്ങളും ഓൺലൈൻ ആയി ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് പറഞ്ഞു. പുതിയ സോഫ്റ്റ് വെയറിലേക്ക് മാറുമ്പോളുള്ള താമസം ഒരു മാസം ഉണ്ടാകുമെന്നും എല്ലാവരും സഹകരിക്കണമെന്നും പ്രസിഡൻറ് പറഞ്ഞു.
പുതിയ സോഫ്റ്റ് വെയറിനെക്കുറിച്ച് ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ഐ.എൽ.ജി.എം.എസ് സോഫ്റ്റ് വെയർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, സബിത സുബൈർ, സെക്രട്ടറി കെ.രേഖ, സൂപ്രണ്ട് വിജയലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.