കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsആലുവ: യുവാക്കൾക്കിടയിൽ വില്പനക്കായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കടത്തികൊണ്ടുവന്ന ഒന്നര കിലോയിലധികം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. വ്യത്യസ്ത കേസുകളിലായി അന്തർ സംസ്ഥാന തൊഴിലാളികളായ ബംഗാൾ സ്വദേശികളായ ഹബീബുൾ റഹ്മാൻ (25) നൂർത്താജ് ഹൽദാർ (22)ആയുസ്ൾ ഇസ്ലാം (26) എന്നിവരാണ് ആലുവ എക്‌സൈസിൻറെ പിടിയിലായത്. സ്റ്റേറ്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗവും ആലുവ സർക്കിൾ ഓഫിസിലെ സിവിൽ എക്‌സൈസ് ഓഫിസറുമായ എം.എം. അരുൺകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ഡി.സതീശൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഉപഭോക്താക്കൾ എന്ന രീതിയിൽ ഇവരെ സമീപിച്ചിട്ടാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താനും കഞ്ചാവ് കൊണ്ടുനടന്ന് വില്പന നടത്താനും ഉപയോഗിച്ച ബൈക്കും കഞ്ചാവ് വിറ്റുകിട്ടിയ വകയിലെ 2400 രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു. ഏറെ നാളായി ഇവർ ആലുവ എക്‌സൈസിൻറെ നിരീക്ഷണത്തിലായിരുന്നു.
അഥിതി തൊഴിലാളികൾ എന്ന ലേബലിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകക്ക് എടുത്ത് ബംഗാളിൽ നിന്നും കഞ്ചാവ് കുറഞ്ഞവിലയിൽ ഇവിടെ കൊണ്ടു വന്നു ചെറുപൊതികളിലാക്കിയാണ് ഇവർ വില്പന നടത്തി വന്നിരുന്നത്. പ്രിവന്റീവ് ഓഫിസർമാരായ പി.കെ.ഗോപി, എസ്.ബാലു, സിവിൽ എക്‌സൈസ് ഓഫിസർമാരായ എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പി.എസ്.ബസന്ത് കുമാർ, സജോ വർഗീസ്, എം.എ.ധന്യ, ബിജുപോൾ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.