ആലുവ കുരുക്കിൽ പൊലീസിനും യാത്രക്കാർക്കും ആശ്വാസമായി ഇസ്മായിൽ
text_fieldsആലുവ: നഗരത്തിലും ദേശീയ പാതയിലും ഗതാഗത കുരുക്കിലാകുന്ന യാത്രക്കാർക്ക് ആ വിസിലടി കേട്ടാൽ ഏറെ ആശ്വാസമാണ്. വിസിലടി ശബ്ദമുയർന്നാൽ കുരുക്കിലെ കാത്തിരിപ്പ് നീളില്ലെന്ന വിശ്വാസമാണ് യാത്രക്കാർക്കുള്ളത്. ഒപ്പം കുരുക്കഴിക്കാൻ പെടാപ്പാട് പെടുന്ന ട്രാഫിക് പൊലീസിനും അതൊരു താങ്ങാണ്. ഇസ്മായിൽ വിസിലടിച്ചാൽ ഗതാഗത കുരുക്ക് ഉടൻ അഴിക്കാനാകുമെന്നതാണ് ആലുവക്കാരുടെ വിശ്വാസം. ഓട്ടോ തൊഴിലാളിയായ ഇസ്മായിൽ, ആലുവയിലെ ഗതാഗത കുരുക്ക് മൂലമുള്ള ദുരിതം അനുഭവിച്ചറിഞ്ഞതിനെ തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് വിസിലുമായി റോഡിലിറങ്ങിയത്. തുടക്കത്തിൽ ഓട്ടോ സ്റ്റാൻഡ് പരിസരത്ത് ഓട്ടത്തിനായി കിടക്കുന്ന ഇടവേളകളിലായിരുന്നു യാത്രക്കാരെയും പൊലീസിനെയും സഹായിക്കാനായി ഇറങ്ങിയത്. പിന്നീട്, കുരുക്ക് മുറുകുമ്പോഴെല്ലാം വിസിലെടുത്ത് റോഡിലിറങ്ങി.
ഇപ്പോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതയിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. മാർത്താണ്ഡവർമ്മ പാലത്തിന്റെ വീതി കുറവാണ് ദേശീയപാതയിലെയും നഗരത്തിലെയും ഗതാഗത കുരുക്കിന് പ്രധാന കാരണം. തിരക്കേറിയ സമയങ്ങളിൽ ഇസ്മായിൽ തന്റെ വിസിലുമായി ഈ ഭാഗത്തുണ്ടാകും. വാഹനങ്ങൾ കുരുങ്ങിപ്പോകാതെ എളുപ്പത്തിൽ കടത്തിവിടാൻ ഇസ്മായിലിന് പ്രത്യേക കഴിവുണ്ട്. ആലുവ തുരുത്ത് സ്വദേശിയാണ്. നിസ്വാർത്ഥ സേവകനായ ഇസ്മയിൽ മാർത്താണ്ഡവർമ്മ പാലത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് സുപരിചിതനാണ്.
റോഡിലെവിടെയെങ്കിലും ഗതാഗത കുരുക്കുള്ള വിവരമറിഞ്ഞാൽ ഉടനെയെത്തി ഗതാഗതം സുഗമമാകുന്നതുവരെ തന്റെ ദൗത്യവുമായി അവിടെ തുടരും. കുറച്ച് ദിവസം മുൻപ് തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയുടെ നേതൃത്വത്തിൽ ഇസ്മയിലിന് നാടിന്റെ സ്നേഹാദരവ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.