ജൽജീവൻ കുടിവെള്ള പദ്ധതി; കുഞ്ഞുണ്ണിക്കരയിലെ റോഡുകൾ തകർന്നു
text_fieldsആലുവ: കുഞ്ഞുണ്ണിക്കര ദ്വീപിലെ റോഡുകൾ തകർന്നു. ജലജീവൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ യഥാസമയം മൂടി റോഡ് അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് കാരണം. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ കുഞ്ഞുണ്ണിക്കരയിലെ റോഡുകൾ പൂർണമായും നാമാവശേഷമായ അവസ്ഥയിലാണ്.
വാർഡിൽ മുമ്പ് കുടിവെള്ള പൈപ്പ് ലൈൻ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മുഖ്യ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും ഇടവഴികളും പൊളിക്കേണ്ടിവന്നു. എന്നാൽ, പൈപ്പിടാൻ കുഴിച്ച കുഴികൾ യഥാസമയം മൂടുകയോ കുഴിയെടുത്ത ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തില്ല.
ഇതിനിടയിൽ കാലവർഷം കനത്തതോടെ കുഴികളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് റോഡുകൾ പൂർണമായും തകരുകയായിരുന്നു. പൊതുഗതാഗത സൗകര്യമില്ലാത്ത ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും യാത്രക്കായി ആശ്രയിക്കുന്ന ഓട്ടോറിക്ഷകൾ റോഡിന്റെ ശോച്യാവസ്ഥ കാരണം യാത്രക്ക് തയാറാവുന്നില്ല.
റോഡുകൾക്ക് ഫണ്ട് അനുവദിക്കാൻ വിമുഖത കാണിക്കുന്ന അധികാരികളുടെ നിസ്സംഗത അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.