ജനാധിപത്യത്തെ ശക്തിപ്പെടുത്തിയേ ഫാഷിസത്തെ പ്രതിരോധിക്കാനാകൂ -വി.ടി. അബ്ദുല്ലകോയ തങ്ങൾ
text_fieldsആലുവ: ജനാധിപത്യത്തെ ശക്തിപ്പെടുത്തിയേ ഫാഷിസത്തെ പ്രതിരോധിക്കാനാകൂവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലകോയ തങ്ങൾ അഭിപ്രായപ്പെട്ടു. 'സംഘ്പരിവാർ ഫാഷിസവും ഇന്ത്യൻ മുസ്‌ലിംകളും' വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല സമിതി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാർ ജനാധിപത്യത്തെയാണ് പഠിപ്പിച്ചിട്ടുള്ളത്. ഫാഷിസം നിലനിൽക്കുന്നത് ഒരു ശത്രുവിനെ ചൂണ്ടിക്കാട്ടിയാണ്. ഇതിലൂടെ മാത്രമേ അവർക്ക് തെരഞ്ഞെടുപ്പുകൾ ജയിക്കാൻപോലും കഴിയുന്നുള്ളു. അവരുടെ അണികളെപോലും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാതെ വരുന്നതിനാലാണ് പൊതുശത്രുവായി മുസ്ലിംകളെ ലക്ഷ്യമിടുന്നത്. എന്നാൽ, ഇത് കേവലം മുസ്ലിംകൾക്ക് എതിരെ മാത്രമുള്ളതല്ല. ഇന്ത്യയെതന്നെയാണ് അത് നശിപ്പിക്കുന്നത്. അതിനാൽ ഫാഷിസത്തെ തുറന്നു കാട്ടുകയും ഫാഷിസ്റ്റ് ആശയങ്ങളെ വിവേകത്തോടെയും നേരിടണം.
ഫാഷിസത്തെ സൈദ്ധാന്തികമായി നേരിടാൻ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകൾക്കേ സാധിക്കൂ. വ്യക്തമായ നിലപാടുകളിലൂടെയാണ് സംഘടന ഫാഷിസത്തെ നേരിടുന്നത്. ഒരുതരം വിവേചനങ്ങളെയും അംഗീകരിക്കാൻ ഇസ്ലാമിനാകില്ല. നേരത്തേതന്നെ ഫാഷിസത്തെ സൈദ്ധാന്തികമായി പ്രതിരോധിക്കാൻ മുസ്ലിം സമൂഹത്തിന് സാധിച്ചിരുന്നെങ്കിൽ അതിന്‍റെ ഫലം ലഭിക്കുമായിരുന്നു. ഫാഷിസം ജനാധിപത്യവിരുദ്ധവും ഇസ്ലാം തികച്ചും സമാധാനപാതയിലൂടെ, യഥാർഥ ജനാധിപത്യക്രമത്തിലൂടെ ഫാഷിസത്തെയും ഏകാധിപത്യത്തെയും പരാജയപ്പെടുത്താനാണ് പഠിപ്പിക്കുന്നത്. ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ ആഹ്വാനവും പരിശ്രമങ്ങളും. ഫാഷിസത്തിനെതിരെ ജനാഭിപ്രായം രൂപവത്കരിക്കാനാണ് ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത്. ആശയപരമായ ബന്ധങ്ങൾ വർധിപ്പിക്കണം. അവിവേകം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്‍റ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ. യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തി. മേഖല നാസിം പി.പി. അബ്ദുൽ റഹ്മാൻ പെരിങ്ങാടി സമാപനം നിർവഹിച്ചു. ഫജറുസാദിഖ് ഖിറാഅത്ത് നടത്തി. ജില്ല സെക്രട്ടറി കെ.കെ. സലീം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ടി.എ. താജുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.