ജെബി മേത്തറുടെ സ്ഥാനാർഥിത്വം; ആലുവക്ക് ചരിത്രനിമിഷം
text_fieldsആലുവ: ചുരുങ്ങിയ കാലംകൊണ്ട് കോൺഗ്രസ് രാഷ്‌ട്രീയത്തിൽ ദേശീയതലത്തിൽവരെ എത്തിയ ജെബി മേത്തറെ തേടിയെത്തിയത് രാജ്യസഭ പ്രവേശനത്തിനൊപ്പം ചരിത്രത്തിൽ വലിയൊരു സ്ഥാനവും. തെരഞ്ഞെടുക്കപ്പെടുന്നതോടെ കേരളത്തിൽനിന്ന് രാജ്യസഭയിൽ എത്തുന്ന ആദ്യ മുസ്ലിം വനിതയായി ജെബി മാറും. പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷമാണ് കേരളത്തിൽനിന്ന് വനിതയെ കോൺഗ്രസ് രാജ്യസഭയിലെത്തിക്കുന്നത്. 1974-80 കാലത്ത് രാജ്യസഭാംഗമായിരുന്ന ലീല ദാമോദര മേനോന് ശേഷം ആദ്യമായാണ് കോൺഗ്രസ് വനിതയെ പരിഗണിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകയായി തുടങ്ങിയ ശ്രദ്ധേയ പൊതുപ്രവർത്തനമാണ് ജെബിയുടെ വളർച്ചക്ക് ഏറെ സഹായകമായത്. വിവിധ സമരങ്ങളിൽ ഭാഗമായി. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ വരെയായി. ബി.എ, എൽഎൽ.ബി ബിരുദധാരിയായ ജെബി 2016 മുതൽ നാലുവർഷം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായിരുന്നു. 2020 മുതൽ കെ.പി.സി.സി അംഗമാണ്. ആലുവയിൽ നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദിയായ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികൾ പൊലീസ് സ്‌റ്റേഷനിൽ നടത്തിയ സത്യഗ്രഹത്തിൽ രാപ്പകൽ പങ്കെടുത്ത വനിത ജെബി മാത്രമായിരുന്നു. ഈ കരുത്താണ് അവരെ മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചത്. ആ സ്ഥാനത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി രാജ്യസഭയിലേക്ക് അവസരം തേടിയെത്തിയത്. ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സനായ ജെബി മേത്തർ തുടർച്ചയായി മൂന്നാം തവണയും ഒരേ വാർഡിൽനിന്നാണ് ജയിച്ചുവന്നത്.
മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എം.ഐ. മേത്തറുടെ മകളും മുൻ കെ.പി.സി.സി പ്രസിഡൻറ് ടി.ഒ. ബാവയുടെ മകളുടെ മകളുമാണ്. ജെബിയുടെ രാജ്യസഭാംഗത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് ആലുവ നോക്കികാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.