അഞ്ച് പേർക്ക് പുതുജീവിതമേകി ജിജിത് യാത്രയായി
text_fieldsആലുവ: അഞ്ചുപേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അവയവദാനത്തിന് ഉദാത്ത മാതൃകയായി ജിജിത്തിന്റെ കുടുംബം. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച തൃശൂർ വരണ്ടാരപ്പിള്ളി ചുള്ളിപറമ്പിൽ വീട്ടിൽ ജിജിത്തിന്റെ (39) കുടുംബമാണ് തീരാവേദനക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകിയത്.
ജിജിത്തിന്റെ കരൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിക്കായി ദാനം ചെയ്തു. പാൻക്രിയാസും വൃക്കകളും കോർണിയകളും വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർക്കാർ പൂളിലേക്കും നൽകി.
ഈമാസം 14ന് രാത്രി 10.30ഓടെ തൃശൂർ പുതുക്കാട് വരണ്ടാരപ്പിള്ളിക്ക് സമീപമാണ് ജിജിത്തിനെ നാട്ടുകാർ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. രാത്രി വീട്ടിലേക്ക് വരുംവഴി ബൈക്ക് തെന്നി വീണാണ് അപകടമുണ്ടായതെന്ന് കരുതുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ജിജിത്തിനെ 15ാം തീയതി രാജഗിരി ആശുപത്രിയിൽ എത്തിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ ജിജിത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഞായറാഴ്ച രാവിലെ ഒമ്പതോടെ ജിജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. കരൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുമ്പാവൂർ സ്വദേശിയാണ് സ്വീകരിച്ചത്.
ഭാര്യയും രണ്ട് മക്കളുമുള്ള ജിജിത് നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ നാട്ടുകാരുടെ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങിയിരുന്ന ജിജിത് മരണത്തിലും നിരവധി പേർക്ക് പുതുപ്രതീക്ഷ നൽകിയാണ് യാത്രയായത് എന്നത് തീരാനൊമ്പരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.