പൊളിച്ചുമാറ്റാതെ പഴയ മീഡിയൻ: ദേശീയപാതയിൽ ആലുവ തോട്ടക്കാട്ടുകരയിലാണ് ഈ അപകടക്കുരുക്ക്
text_fieldsആലുവ: പഴയ മീഡിയൻ നീക്കം ചെയ്യുന്ന കാര്യത്തിൽ അധികൃതർ കാട്ടുന്ന അലംഭാവം ദേശീയപാത തോട്ടക്കാട്ടുകര കവലയെ അപകടങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നു. ഇവിടെയുണ്ടായ അപകടങ്ങളിൽ ഒട്ടേറെ പേരുടെ ജീവനും പൊലിഞ്ഞിട്ടുണ്ട്. മാർത്താണ്ഡ വർമ പാലത്തിന് സമാന്തര പാലം വന്നതോടെ തോട്ടക്കാട്ടുകര കവല കുപ്പിക്കഴുത്തായി മാറിയപ്പോൾ പറവൂർ കവലക്കും തോട്ടക്കാട്ടുകരക്കും ഇടയിൽ റോഡ് വീതി കൂട്ടാൻ സ്ഥലം ഏറ്റെടുത്തെങ്കിലും നിർമാണം മുന്നോട്ട് പോയില്ല. ഇതിനിടയിൽ നഗരസഭ അധികൃതർ ഇടപെട്ടതോടെ തോട്ടക്കാട്ടുകര കവലയിൽ മാത്രം കുറച്ച് ഭാഗത്ത് വീതി കൂട്ടി.
റോഡിെൻറ വളവ് നിവർത്തിയപ്പോൾ പഴയ ദിശയിലുള്ള റോഡിെൻറ പടിഞ്ഞാറ് ഭാഗം സർവിസ് റോഡ് പോലെ മാറി. എന്നാൽ, ഈ ഭാഗം സർവിസ് റോഡാക്കി അതിർത്തി കെട്ടുകയോ പഴയ മീഡിയൻ എടുത്തു കളയുകയോ ചെയ്യാത്തതിനാൽ പാലം ഇറങ്ങി ചെല്ലുന്ന വാഹനങ്ങൾ രണ്ടുവഴിയിലൂടെയും ഓടുന്ന അവസ്ഥയാണ്. ഇതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.
പഴയ മീഡിയനിൽ വാഹനങ്ങളിടിച്ചു കയറി ഒട്ടേറെ അപകടങ്ങളാണുണ്ടായിട്ടുണ്ട്. രാത്രിയിൽ അപകടങ്ങൾ പതിവാണ്. വർഷങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കാൻ നടപടികളൊന്നുമില്ല. നഗരസഭ, ട്രാഫിക് പൊലീസ് തുടങ്ങിയവർ മീഡിയൻ പൊളിച്ചുകളയണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ദേശീയ പാത വിഭാഗം അനങ്ങിയിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഉടൻ മീഡിയൻ പൊളിച്ചു കളയാൻ ദേശീയപാത അധികൃതർക്ക് അന്ത്യശാസനം നൽകിയിരുന്നു. അവർ പൊളിച്ചില്ലെങ്കിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കാനും തീരുമാനമെടുത്തു. എന്നാൽ, ദേശീയപാത അധികൃതരോ കമ്മിറ്റിയോ ഇതുവരെ മീഡിയൻ നീക്കം ചെയ്യാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.