പുതിയ അധ്യയനവർഷം കളിവീടും കളിച്ചെപ്പുമായി കല്ലേരി മാഷ്
text_fieldsആലുവ: കുട്ടികൾക്കായി നിരവധി പഠനപദ്ധതികൾ തയാറാക്കിയിട്ടുള്ള അധ്യാപകൻ ശശിധരൻ കല്ലേരി ഈ അധ്യയനവർഷം കുട്ടികൾക്കും അധ്യാപകർക്കുമായി തയാറാക്കിയ വിവിധ പഠന സാമഗ്രികളാണ് കളിവീടും കളിച്ചെപ്പും ജ്യോതിസും.
മലയാളം അക്ഷരം അറിയുകയും എന്നാൽ, വായനയിൽ പ്രയാസം നേരിടുകയും ചെയ്യുന്ന കുട്ടികൾക്കായി തയറാക്കിയ മോഡ്യൂളാണ് ജ്യോതിസ്.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ആയിരത്തോളം അധ്യാപകർ പുതുവർഷം ഈ മൊഡ്യൂളുകൾ കൈകാര്യം ചെയ്യും. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് തയറാക്കിയതാണ് പുത്തൻ അറിവുകൾ നൽകുന്ന 75 വായന കാർഡുകൾ അടങ്ങുന്ന കളിവീട് എന്ന വായന സാമഗ്രികൾ. മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി തയറാക്കായ 60 വായന കാർഡുകൾ അടങ്ങുന്നതാണ് കളിച്ചെപ്പ്. എല്ലാ വായന സാമഗ്രികളും പി.ഡി.എഫ് രൂപത്തിലാക്കി വിവിധ ഗ്രൂപ്പുകളിലൂടെ സൗജന്യമായി അയച്ചുനൽകുന്നു.
കഴിഞ്ഞവർഷം വെളിച്ചം എന്ന മൊഡ്യൂൾ എണ്ണൂറോളം വരുന്ന അധ്യാപകർ അക്ഷരം ഉറപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. ആവർഷം തന്നെ 25 അക്ഷര കഥകളടങ്ങുന്ന കളിവഞ്ചി എന്ന കഥാകാർഡുകളും കുട്ടികൾക്കായി തയാറാക്കിനൽകി. ഓരോവർഷവും മികവാർന്ന നിരവധി നൂതന പഠനസാമഗ്രികൾ തയാറാക്കുന്ന കല്ലേരി മാഷ് കുട്ടികൾക്കായി മൂന്നൂറിലധികം പാട്ടുകളും നൂറോളം കഥകളും തയാറാക്കിയിട്ടുണ്ട്.
കടുങ്ങല്ലൂർ സ്വദേശിയായ അദ്ദേഹം ഏലൂർ ഫാക്ട് സ്കൂൾ പ്രൈമറി വിഭാഗം അധ്യാപകനും അധ്യാപക സംഘടന ഭാരവാഹിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.