കേരള വികസനം: സജീവ ചർച്ചക്ക് വഴിയൊരുക്കി കോൺക്ലേവ്
text_fieldsആലുവ: യൂനിയൻ ക്രിസ്ത്യൻ കോളജിന്റെ നൂറാം വാർഷികാഘോഷ ഭാഗമായി 'കേരള വികസനം: പുതുരാഷ്ട്രീയ നിലപാടുകളുടെ അനിവാര്യത' വിഷയത്തിൽ നടത്തിയ കോൺക്ലേവിൽ വികസനനയം വിഷയാധിഷ്ഠിതമാവണമെന്ന അഭിപ്രായം ഉയർന്നു.
മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം നയിച്ച ചർച്ചയിൽ റേറ്റിങ്ങിന് വേണ്ടി മാധ്യമങ്ങൾ നടത്തുന്ന 'വിവാദ വ്യവസായത്തെ' സംബന്ധിച്ച് മാധ്യമ പ്രതിനിധികൾ തന്നെ നടത്തിയ സ്വയം വിമർശനം ഹർഷാരവത്തോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്.
അഭ്യസ്ത വിദ്യരായ യുവാക്കൾ വിദേശരാജ്യങ്ങളിലേക്കും മറ്റും ചേക്കേറുമ്പോൾ, 'കേരള മോഡൽ' എന്നവകാശപ്പെടുന്ന കേരളത്തിലേക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു കുത്തൊഴുക്ക് ഉണ്ടാകുന്നില്ല എന്ന ചോദ്യം ഉയർന്നു.
ഏത് വികസനത്തെയും എതിർക്കുന്ന രാഷ്ട്രീയം കാലാനുസൃതമായി മാറി, മണ്ണിനെയും മനുഷ്യനെയും ഉൾക്കൊള്ളുന്ന വികസന നിലപാടിലേക്ക് എത്തണം എന്നിടത്താണ് ചർച്ച അവസാനിച്ചത് .
കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ടി. ബൽറാം, രാഷ്ട്രീയ പ്രവർത്തകൻ സി.പി. ജോൺ, രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ജോസഫ് സി. മാത്യു, അഭിലാഷ് ജി. നായർ, ജീവൻ കുമാർ, രശ്മി ഭാസ്കർ, എൻ.എം. പിയേഴ്സൺ, എൻ.സി. ഇന്ദുചൂഡൻ, ഡോ. പ്രമേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് ആമുഖ പ്രഭാഷണം നടത്തി. ജയ്സൺ പാനീകുളങ്ങര (പൂർവ വിദ്യാർഥി), ഡോ. ജനി പീറ്റർ (ഒ.എസ്.എ എക്സിക്യൂട്ടിവ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.