കിൻഫ്ര കുടിവെള്ള പദ്ധതി; യു.ഡി.എഫ് പ്രവർത്തകർ റോഡിൽ പൈപ്പ് സ്ഥാപിക്കുന്നത് തടഞ്ഞു
text_fieldsആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നത് യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. എടയപ്പുറം നേച്ചർ കവലയിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം. റോഡ് തകർച്ചയിലും പദ്ധതിയിലെ ദുരൂഹതകളിലും പ്രതിഷേധിച്ചായിരുന്നു സമരം. ഇതേ തുടർന്ന് പണികൾ നിർത്തിവെച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു, മണ്ഡലം പ്രസിഡൻറുമാരായ ഫാസിൽ ഹുസൈൻ, സുനിൽകുമാർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് മെഹബൂബ്, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഹസീം ഖാലിദ് എന്നിവർ സമരതത്തിന് നേതൃത്വം നൽകി. പെരിയാറിൽ നിന്ന് കിൻഫ്രയിലേക്ക് വെള്ളം കൊണ്ടുപോകാനാണ് എടയപ്പുറം റോഡിന് നടുവിലൂടെ കൂറ്റൻ പൈപ്പ് സ്ഥാപിക്കുന്നത്. രാത്രി മുതൽ പുലർച്ചെ വരെയാണ് പണി നടക്കാറുള്ളത്. നിലവിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് പാടെ തകർന്നു കിടക്കുകയാണ്. കിൻഫ്രയിലേക്ക് ഇത്രയധികം വെള്ളം നിത്യേന കൊണ്ടു പോകുന്നത് പെരിയാറിന്‍റെ നാശത്തിന് ഇട നൽകുമെന്നും നാട്ടുകാർ ആരോപിച്ചു. പദ്ധതി സംബന്ധിച്ച ദുരൂഹതകൾ നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.