കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോ: യാത്രക്കാർ ഇപ്പോഴും പെരുവഴിയിൽ
text_fieldsവരുമാനം കൂട്ടാൻ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്‌സുകളിൽ മദ്യം വിൽക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. പ്രതിഷേധം ശക്തമായിട്ടും ഇതിൽനിന്ന് പിൻവാങ്ങാൻ തയാറായിട്ടില്ല. അടിസ്ഥാന സൗകര്യം പോലുമില്ലാതെ ദുരവസ്ഥയിൽ കഴിയുന്ന പല ബസ് സ്റ്റേഷനുകളുടെയും അന്ത്യംകുറിക്കുന്ന നടപടിയാകും ഇത്. ബസ് സ്റ്റാൻഡുകളുടെ ദുരവസ്ഥക്ക് നേരെ കണ്ണടക്കുന്ന അധികൃതരാണ് ഇപ്പോൾ ഡിപ്പോ കോംപ്ലക്സുകൾ വഴി മദ്യവിൽപനക്ക് കളമൊരുക്കുന്നത്. ദുരിതാവസ്ഥക്കൊപ്പം മദ്യശാലകൾകൂടി ആകുന്നതോടെ ഇത്തരം സ്റ്റാൻഡുകളിലേക്ക് കടന്നുചെല്ലാൻ യാത്രക്കാർ ഭയക്കുന്ന അവസ്ഥയുണ്ടാകും. ജില്ലയിലെ പ്രധാന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച അന്വേഷണം ഇന്നുമുതൽ
ആലുവ: ആധുനിക സൗകര്യങ്ങളോടുകൂടിയ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷൻ നിർമിക്കാൻ ആലുവയിലെ സ്റ്റാൻഡ് പൊളിച്ചിട്ട് രണ്ട് വർഷത്തിലധികമായി. അന്നുമുതൽ യാത്രക്കാർ പെരുവഴിയിലാണ്. ഏറെനാൾ മഴയും വെയിലും കൊണ്ടാണ് യാത്രക്കാർ ബസ് കാത്തുനിന്നിരുന്നത്. മഴക്കാലത്ത് ഇവിടം ചളിക്കുളമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് യാത്രക്കാർക്ക് താൽക്കാലികഷെഡ് ഒരുക്കിയത്. മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബസ് സ്റ്റാൻഡാണിത്. മൂന്നാർ അടക്കമുള്ള ഹൈറേഞ്ച് പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്നത് ആലുവ സ്റ്റാൻഡിനെയാണ്. ഇടുക്കി ജില്ലയുടെ റെയിൽവേ പ്രവേശന കവാടം കൂടിയായ ആലുവ റെയിൽവേ സ്‌റ്റേഷൻ സ്റ്റാൻഡിനോട് ചേർന്നാണ്.
എന്നാൽ, ഏതുസമയവും നൂറുകണക്കിന് യാത്രക്കാർ ഉണ്ടാകുന്ന സ്റ്റാൻഡിൽ താൽക്കാലിക ഷെഡ് ഭൂരിപക്ഷം യാത്രക്കാർക്കും ഉപകാരപ്പെടുന്നില്ല. പഴയ കെട്ടിടം പൊളിച്ച് മാസങ്ങൾക്കുശേഷമാണ് പുതിയ കെട്ടിടത്തിെൻറ നിർമാണോദ്ഘാടനം നടന്നത്. എന്നാൽ, പലവിധ പ്രശ്നങ്ങളാൽ നിർമാണം ആരംഭിക്കാൻ പിന്നെയും ഏറെ വൈകി. രണ്ട് നിലകളിലായി മൊത്തം 30,155 ചതുരശ്ര അടിയുള്ള കെട്ടിടമാണ് പണിയുന്നത്.
ഗ്രൗണ്ട് ഫ്ലോറിൽ ടിക്കറ്റ് കൗണ്ടർ, സ്‌റ്റേഷൻ ഓഫിസ്, പൊലീസ് എയ്ഡ് പോസ്‌റ്റ്, ആറ് സ്‌റ്റാൾ, 170 സീറ്റുള്ള വെയ്റ്റിങ് ഏരിയ, കാൻറീൻ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വെയ്റ്റിങ് റൂം തുടങ്ങിയവയാണ് ഉള്ളത്. ഒന്നാം നിലയിൽ അഞ്ച് ഓഫിസ് റൂം, 43 സീറ്റുള്ള വെയ്റ്റിങ് ഏരിയ തുടങ്ങിയവയാണ് ഉണ്ടാവുക. 30 ബസുകൾക്കുള്ള പാർക്കിങ് സൗകര്യമാണ് സ്‌റ്റാൻഡിലുണ്ടാവുക. കൂടാതെ, 110 ഇരുചക്രവാഹനങ്ങളും 110 കാറുകളും പാർക്കു ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. നിലവിൽ പല പണികളും പൂർത്തിയായിട്ടുണ്ടെങ്കിലും സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകിയേക്കും.
മദ്യപരുടെയും സാമൂഹികവിരുദ്ധരുെടയും ശല്യം രൂക്ഷമാകും
പൊതുവിൽ നഗരത്തിൽ ഏറ്റവും പ്രശ്നങ്ങളുള്ള പ്രദേശമാണ് കെ.എസ്.ആർ.ടി.സി പരിസരം. സ്റ്റാൻഡും റെയിൽവേ സ്‌റ്റേഷനും അടുത്തായ ഇവിടെ സാമൂഹിക വിരുദ്ധർ, മദ്യപർ, ലഹരി ഇടപാടുകാർ, പിടിച്ചുപറിക്കാർ എന്നിവരുടെ ശല്യം കൂടുതലാണ്. നിലവിൽ രണ്ട് ബാറുകളും ഒരു കള്ളുഷാപ്പും ഇവിടെയുണ്ട്.
ഇവിടം കേന്ദ്രീകരിച്ച് നിത്യവും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലഹരി ഇടപാടുകാരും ഉപഭോക്താക്കളും കൂടിയാകുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകാറാണ് പതിവ്. ഇതിനിടയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യശാലകൂടി വന്നാൽ ഈ പ്രദേശം കുറ്റവാളികളാൽ നിറയും. നിലവിൽ സ്ത്രീകളടക്കമുള്ള നിരവധിയാളുകൾ ഈ ഭാഗത്ത് തെരുവിൽ കഴിയുന്നുണ്ട്. ഇവരിൽ പലരും മദ്യപിച്ച് തല്ലുകൂടുന്നത് പതിവാണ്. അനാശാസ്യത്തിന് പലരും തമ്പടിക്കുന്നത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പരിസരത്തുമാണ്. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.