കുഞ്ഞുമോന്റെ സൈക്കിൾ പ്രേമത്തിന് നാലു പതിറ്റാണ്ട്
text_fieldsആലുവ: നാലുപതിറ്റാണ്ടിലധികമായി സൈക്കിൾ യാത്ര ജീവിത ഭാഗമാക്കി കുഞ്ഞുമോൻ. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് കുഞ്ഞുമോനാണ് സൈക്കിൾ യാത്ര തുടരുന്നത്. ചെറുപ്പത്തിൽ തുടങ്ങിയ സൈക്കിൾ സഞ്ചാരം 62ാം വയസ്സിലും തുടരുകയാണിദ്ദേഹം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ മക്കളായ അനൂപ്, അജിനാസ് എന്നിവരോടൊപ്പം ഇരുചക്ര മോട്ടോർ വാഹനത്തിൽ യാത്ര ചെയ്യാറുള്ളു.
കുഞ്ഞുമോൻ സൈക്കിളിൽ കയറുന്നതിനും ഇറങ്ങുന്നതിനും വ്യത്യസ്തതയുണ്ട്. സൈക്കിളിന്റെ വലതുഭാഗത്ത് നിന്നാണ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന കുഞ്ഞുമോൻ തോട്ടുമുഖം പോസ്റ്റ് ഓഫിസിൽ മെയിൽ കാരിയറാണ്. ജോലി സമയത്ത് ഉൾപ്പെടെ ദിവസവും 30 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിക്കാറുണ്ട്. ആലുവ തപാൽ ഡിവിഷനിൽ സൈക്കിൾ ഉപയോഗിച്ച് തപാൽ വിതരണം ചെയ്യുന്ന അപൂർവം ചിലരിൽ ഒരാളാണ് കുഞ്ഞുമോൻ. സൈക്കിളിലുള്ള യാത്ര കൂടുതൽ ഉന്മേഷം നൽകുന്നതായും അടിക്കടിയുണ്ടാകുന്ന ഇന്ധന വിലയെ പേടിക്കേണ്ടതില്ലെന്നും കുഞ്ഞുമോൻ പറയുന്നു.
ആദ്യ കാലങ്ങളിൽ ആളുകൾ കത്ത് പോസ്റ്റ് ചെയ്യാൻ എൽപ്പിച്ചിരുന്നത് കുഞ്ഞുമോനെയാണ്. സൗത്ത് വാഴക്കുളം മുതൽ തോട്ടുമുഖം വരെയുള്ളവർ കാത്ത് നിൽക്കുമായിരുന്നെന്ന് കുഞ്ഞുമോൻ പറയുന്നു. കാലം ഏറെ പുരോഗമിച്ചെങ്കിലും ഇപ്പോഴും മൊബൈൽ ഫോൺ ഇല്ലാത്ത അപൂർവം ചിലരിൽ ഒരാളാണ് കുഞ്ഞുമോൻ. ഇതുവരെയായി വാച്ചും ഉപയോഗിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.