ആലുവ മാർക്കറ്റ് പരിസരത്തെ നഗരസഭ ഭൂമി കൈയ്യേറാൻ വീണ്ടും നീക്കം
text_fieldsആലുവ: മാർക്കറ്റ് പരിസരത്തെ നഗരസഭയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി കൈയ്യേറാൻ വീണ്ടും നീക്കം. ദേശീയപാത സർവീസ് റോഡിന്‍റെ അരികിലുള്ള ഭൂമി തട്ടിയെടുക്കാനാണ് സ്വകാര്യ വ്യക്തിയുടെ നീക്കം. പരസ്യമായി ഇതിനുള്ള ശ്രമങ്ങൾ തുടരുമ്പോഴും അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
നഗരസഭ ഭൂമിയോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിൽ പുതിയ ഇരുനില കെട്ടിടം സമീപകാലത്ത് നിർമിച്ചിരുന്നു. ഇതേകെട്ടിടത്തിലേക്ക് ഫയർ സ്റ്റേഷന് അഭിമുഖമായാണ് പ്രവേശനം. കെട്ടിടത്തിന്‍റെ പിൻവശത്താണ് നഗരസഭയുടെ സ്ഥലം. ഇവിടെയുണ്ടായിരുന്ന നഗരസഭയുടെ അതിർത്തി തിരിക്കുന്ന കരിങ്കല്ല് മതിൽ ഇതേ കെട്ടിട ഉടമ പൊളിച്ച് ഭൂനിരപ്പാക്കി മെട്രോയുടെ നടപ്പാതയിലേക്ക് നേരിട്ട് വഴിയൊരുക്കി.
ജനങ്ങളെ കബളിപ്പിക്കാൻ പ്ലാസ്റ്റിക്ക് നെറ്റ് വച്ച് അതിർത്തിയും കെട്ടി. ഇവിടെ നേരത്തെയുണ്ടായിരുന്ന നഗരസഭയുടെ കെട്ടിടം മെട്രോ നിർമാണത്തിനായി ഏറ്റെടുത്തതാണ്. അവശേഷിച്ച ഭൂമിയാണ് നഗരസഭയുടേതായുള്ളത്. കെട്ടിടം പൊളിച്ചപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട ചുമട്ടു തൊഴിലാളികൾ ഇവിടെ താൽക്കാലിക വിശ്രമ കേന്ദ്രം നിർമിക്കാൻ നേരത്തെ നീക്കം നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചതാണ്.
ഇക്കാര്യത്തിൽ നടപടിയെടുത്ത നഗരസഭ ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്. ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയെങ്കിലും ഇവർ പിന്നീട് ഉൾവലിഞ്ഞു. കെട്ടിട ഉടമയുടെ സ്വാധീനത്തിന് വഴങ്ങിയെന്നും ആരോപണമുണ്ട്. ഡി.വൈ.എഫ്.ഐയാണ് ഇപ്പോൾ കൈയ്യേറ്റത്തിനെതിരെ രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.