നഗരസഭ ഉത്തരവിന് പുല്ലുവില; ബൈപാസ് റോഡിൽ പാർക്കിങ് തുടർന്ന് ലോറികൾ
text_fieldsആലുവ: നഗരസഭയുടെ പാർക്കിങ് നിരോധന ഉത്തരവിന് പുല്ലുവില കൽപിച്ച് ലോറികൾ. ബൈപാസ് സർവിസ് റോഡിലാണ് പാർക്കിങ് നിരോധിച്ചത്. ഇത് സംബന്ധമായി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മാർക്കറ്റ് പ്രദേശം മുതൽ പുളിഞ്ചോട് കവല വരെ എട്ടോളം ബോർഡ് വെച്ചിട്ടുണ്ട്. എന്നാൽ, ബോർഡുകൾക്കടുത്തുപോലും ലോറികൾ പാർക്കിങ് തുടരുകയാണ്.
ഗുഡ്സ് ഷെഡിൽനിന്ന് ചരക്ക് കൊണ്ടുപോകുന്ന ലോറികളാണ് ഇവയിലധികവും. മേൽപാലത്തിനുതാഴെ മെട്രോ സൗന്ദര്യവത്കരണം നടത്തിയപ്പോൾ നിരവധി പാർക്കിങ് ഏരിയകൾ നിർമിച്ചിരുന്നു.
ഇവയിൽ ഭൂരിഭാഗവും ലോറികൾ കൈയടക്കുകയായിരുന്നു. ലോറികളുടെ മറപറ്റി സാമൂഹികവിരുദ്ധരും മോഷ്ടാക്കളും ലഹരി ഇടപാടുകാരും തമ്പടിച്ചു. ശല്യം കൂടിയതോടെ ഈ പാർക്കിങ് ഏരിയകൾ നഗരസഭ പൂട്ടുകയും പേ ആൻഡ് പാർക്ക് ആക്കുകയും ചെയ്തു. ഇതോടെയാണ് ലോറികൾ സർവിസ് റോഡുകൾ കൈയേറിത്തുടങ്ങിയത്. സർവിസ് റോഡുകളെ ബന്ധിപ്പിക്കുന്ന അടിപ്പാതകളിലും അനധികൃത പാർക്കിങ്ങുണ്ട്. പാർക്കിങ് ഒഴിവാക്കാൻ കർശന നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.