മേഘാലയ സംഘം ചൂർണിക്കരയിലെത്തും; കുടുംബശ്രീയെക്കുറിച്ച് പഠിക്കാൻ
text_fieldsആലുവ: കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും പഠിക്കാനായി മേഘാലയ സംഘം ചൂർണിക്കരയിലെത്തും. മേഘാലയയിലെ വിവിധ ജില്ലകളിൽ നിന്നുള്ള വില്ലേജ് പ്രസിഡന്‍റുമാരുടെയും സെക്രട്ടറിമാരുടെയും വില്ലേജ് ഓഫിസർമാരുടെയും മറ്റു വിവിധ ഉദ്യോഗസ്ഥരുടെയും 22 പേരടങ്ങുന്ന സംഘമാണ് വരുന്നത്.
14, 15, 16 തീയതികളിലായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ സംഘം സന്ദർശനം നടത്തും. കൃഷിഭവൻ, എസ്.പി.ഡബ്ലിയു എൽ.പി സ്കൂൾ, അങ്കണവാടി, ഹെൽത്ത് സെന്‍റർ, വെറ്ററിനറി ആശുപത്രി, ആയുർവേദ ഡിസ്പെൻസറി, കുടുംബശ്രീ സി.ഡി.എസ് ഓഫിസ്, തൊഴിലുറപ്പ് ഓഫിസ്, ബഡ്സ് സ്കൂൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിലും അവർ പങ്കെടുക്കും. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. കുടുംബശ്രീ എ.ഡി.എസിലും അയൽക്കൂട്ടങ്ങളിലും പങ്കെടുക്കും. പഞ്ചായത്തിലെ ആശ്രയ കുടുംബങ്ങളിലും സന്ദർശനം നടത്തും. അതോടൊപ്പം കുടുംബശ്രീ സ്വയം സംരംഭങ്ങളായ അമൃതം ഫുഡ്സ്, ജനകീയ ഹോട്ടൽ, കൂൺ കൃഷി, കുടുംബശ്രീ മെട്രോ കാന്‍റീൻ എന്നിവിടങ്ങളിലും സന്ദർശിക്കും.
ചൊവ്വാഴ്ച വരുന്ന മേഘാലയ സംഘത്തെ വനിതകൾ താലത്തിൽ സ്വീകരിക്കും. തുടർന്ന് ശിങ്കാരി മേളം, തിരുവാതിര എന്നിവ നടത്തും. അവർക്കായി അവസാന ദിവസം വിവിധ കലാരൂപങ്ങളും അവതരിപ്പിക്കും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.