എയർഹോൺ മുഴക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ച സംഭവം; മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു
text_fieldsആലുവ: എയർഹോൺ മുഴക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായി എയർ ഹോൺ ഉപയോഗിച്ചടക്കമുള്ള കാര്യങ്ങളുടെ പേരിലാണ് സ്വകാര്യ ബസിനെതിരെ കേസെടുത്തത്.
സ്വകാര്യ ബസുകളിൽ എയർ ഹോൺ ഉപയോഗിക്കുന്നത് ദുരിതമായതോടെ ആലുവ-പെരുമ്പാവൂർ റോഡിലെ ചൂണ്ടി കവലയിലുള്ള വ്യാപാരികൾ ബസുകാരോട് എയർഹോൺ മുഴക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് അനുസരിക്കാതെ എതിർത്ത വ്യാപാരികളെയും നാട്ടുകാരെയും കഴിഞ്ഞ ദിവസം ബസ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് എടത്തല പൊലീസ് കേസ് എടുത്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആലുവ ജോ. ആർ.ടി.ഒ ബസ് പരിശോധിച്ചത്.
നഗരസഭ ബസ് സ്‌റ്റാൻഡിൽ വെച്ച് നടത്തിയ പരിശോധനയിൽ എയർ ഹോൺ കണ്ടെത്തി. ഇതേ തുടർന്ന് ഇത് ഊരിയെടുത്തു. ബസിന്‍റെ ബ്രെയ്ക്ക് ലൈറ്റ് പ്രവർത്തന രഹിതമായിരുന്നു. അതിന് പുറമെ പുറകിലെ ഗ്ലാസിൽ കൂൾ ഫിലിമും ഒട്ടിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇവയെല്ലാം ശരിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
എം.വി.ഐ സമീഷ്, അസി. എം.വി.ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചൂണ്ടി സംഭവം വിവാദമായതോടെ വാഹനവകുപ്പ് എൻഫോഴ്സ്മെൻറും നടപടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബസുകളടക്കമുള്ള വാഹനങ്ങൾക്കെതിരെ കർശന പരിശോധന നടന്നേക്കും.
നിലവിൽ ജോ.ആർ.ടി ഓഫിസ് സ്‌കൂൾ വാഹങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിനുള്ള പരിശോധനയുടെ തിരക്കിലാണ്. അതിനാൽ തന്നെ എയർഹോൺ അടക്കമുള്ള വിഷയങ്ങളിൽ കാര്യമായ പരിശോധനകൾ നടത്താൻ അവർക്ക് സമയ പരിമിതിയുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ പരിശോധന കഴിഞ്ഞാൽ അവരും കർശന പരിശോധനകൾ ആരംഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.