കൂരിരുട്ടിൽ പാതാളം പാലം, മയക്കുമരുന്ന് സംഘവും; രാത്രി യാത്ര ഭീകരം
text_fieldsകടുങ്ങല്ലൂർ: വിളക്ക് കാൽ സ്ഥാപിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും വെളിച്ചമെത്താതെ കൂരിരുട്ടിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ്. വെളിച്ചമില്ലാത്തതിനാൽ 200 മീറ്ററോളം വരുന്ന പാലത്തിലൂടെയുള്ള രാത്രിയാത്ര ഭയപ്പെടുത്തുന്നതാണ്.
വെളിച്ചമില്ലാത്തതിനാൽ സന്ധ്യയായാൽ പാലം സാമൂഹ്യ ദ്രോഹികളുടെ നിയന്ത്രണത്തിലാണ്. വ്യവസായ മേഖലയായതിനാൽ ഇതര സംസ്ഥാനക്കാരെ അടക്കം ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘവും പാലത്തിന്റെ വശങ്ങളിൽ തമ്പടിക്കുന്നു. ഇരുചക്രവാഹനങ്ങളുമായി പോകുന്ന സ്ത്രീകൾ ഭീതിയോടെയാണ് പാലം കടക്കുന്നത്.
പുഴയിലേക്ക് മാലിന്യം തള്ളുന്നവർക്ക് തെരുവ് വിളക്കില്ലാത്തത് കൂടുതൽ 'സൗകര്യ'മാണ്. വെളിച്ചമില്ലാത്തതിനാൽ അപകടങ്ങളും പതിവായി. ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലിടിച്ച് നിരവധി പേർക്ക് പലപ്പോഴായി പരിക്കേറ്റിട്ടുണ്ട്.
രണ്ട് വർഷം മുൻപ് പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ മാത്രമാണ് വിളക്ക് കാൽ സ്ഥാപിച്ചത്. എന്നാൽ, ഇതുവരെ വിളക്ക് കത്തിച്ചിട്ടില്ല. പ്രതിഷേധത്തിന്റെ പ്രതികാരമെന്നോണമാണ് അധികാരികളുടെ അനാസ്ഥ. ഏലൂർ മുനിസിപ്പാലിറ്റിയോ ഇറിഗേഷൻ വകുപ്പോ പൊതുമരാമത്ത് വകുപ്പോ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.