അവസാന അത്താണിയായി സമീപിച്ച സി.ഐയും കരുണ കാണിച്ചില്ല; ദു:ഖിതയായി ജീവിതം അവസാനിപ്പിച്ച് മൂഫിയ
text_fieldsആലുവ: സോഷ്യൽ മീഡിയ ചതിക്കുഴികളിൽ വീണ് രക്തസാക്ഷികളാകേണ്ടി വന്നവരുടെ ഗണത്തിലേക്ക് മൂഫിയയും. ഭർതൃവീട്ടിലെ പീഡനവും ആലുവ സി.ഐ മോശമായി പെരുമാറിയതായും ആരോപിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി ആലുവ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ ഗ്യാസ് ഗോഡൗണിന് സമീപം കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിൻറെ മകൾ മൂഫിയ പർവീനിൻറെ (21) ജീവിതം മാറ്റിമറിച്ചതും ഫേസ്ബുക്ക് പ്രണയമായിരുന്നു.
താൻ കണ്ടെത്തിയ മാന്യനായ ജീവിതപങ്കാളിയുടെ യഥാർത്ഥ മുഖം കണ്ടതുമുതൽ തീരാദു:ഖത്തിലായിരുന്നു മൂഫിയ പർവീൻ. കോതമംഗലം സ്വദേശി സുഹൈലിനെ പരിചയപ്പെടുമ്പോൾ അയാളിൽ യാതൊരു കുറ്റവും മൂഫിയ കണ്ടിരുന്നില്ല. സുഹൈലിൻറെ വീട്ടുകാർ വിവാഹാലോചന നടത്തിയപ്പോഴും അവരെ കുറിച്ച് മൂഫിയക്കും വീട്ടുകാർക്കും മതിപ്പായിരുന്നു. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിവാഹം ഉടനെ നടത്താൻ കഴിയുമായിരുന്നില്ല. എന്നാൽ, സുഹൈലിൻറെ വീട്ടുകാർ തങ്ങൾക്ക് കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു. ഇതേ തുടർന്ന് ഏപ്രിൽ മൂന്നിന് നിക്കാഹ് നടത്തി.
നിക്കാഹിൻറെ ഭാഗമായുള്ള ആഘോഷം കോവിഡ് ഇളവിനെ തുടർന്ന് ഡിസംബറിൽ നടത്താനിരിക്കുകയായിരുന്നു. നിക്കാഹ് കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോൾ മുതൽ മൂഫിയയെ പലപ്പോഴും സുഹൈലിൻറെ വീട്ടിൽ നിർത്താനായി കൊണ്ടുപോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് സുഹൈലും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങിയത്. സുഹൈലിന് ബിസിനസ് ചെയ്യാനടക്കം പണം വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത് സുഹൈൽ ഗൾഫിൽ പോകുമെന്നായിരുന്നു. എന്നാൽ, വിവാഹശേഷം അതുണ്ടായില്ല. പല തരത്തിലുള്ള ജോലികളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും അതിനൊന്നും പോകുന്നുണ്ടായിരുന്നില്ല.
സ്ത്രീധനത്തിൻറെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നുമാസത്തോളമായി മൂഫിയ സ്വന്തം വീട്ടിലാണ് നിന്നിരുന്നത്. താൻ കണ്ടെത്തിയ ജീവിത പങ്കാളി തന്നെ ചതിച്ചതിൽ ഏറെ ദുഃഖിതയായിരുന്നു. എങ്കിലും അയാൾക്കെതിരെ നിയമ പോരാട്ടം നടത്താൻ തന്നെയാണ് യുവതി തീരുമാനിച്ചത്. ഇതിൻറെ ഭാഗമായി ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചെന്നാരോപിച്ച് ദേശീയ മനുഷ്യാവകാശ കമീഷനിലടക്കം പരാതി നൽകി. ഇതേ തുടർന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ പരാതി റൂറൽ എസ്.പിക്ക് കൈമാറി. എസ്.പിയുടെ നിർദ്ദേശത്തെ തുടർന്നാണ് സി.ഐ ഇരുകൂട്ടരെയും ചർച്ചക്ക് വിളിച്ചത്.
അവസാന അത്താണിയായി തനിക്ക് നീതി ലഭിക്കുമെന്ന് കരുതി സമീപിച്ച സി.ഐയിൽ നിന്നുണ്ടായ മോശം പെരുമാറ്റം മൂഫിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഏറെ സ്നേഹിച്ച ഭർത്താവിൽ നിന്നുണ്ടായ ദുരനുഭവത്താൽ വേദനയോടെ ജീവിച്ചിരുന്ന മൂഫിയയെ ഇത് പാടെ തകർത്തുകളഞ്ഞു. അതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യ കുറിപ്പിലും ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.